എന്താണ് യുണിക്കോഡ് ? മലയാളം യുണിക്കോഡിന്റെ കഥ

എന്താണ് യുണിക്കോഡ് ? അത് എങ്ങനെയാണ് ടൈപ് ചെയ്യുന്നത് ? യുണിക്കോഡ് കണ്ടാല്‍ എങ്ങനെ തിരിച്ചറിയാം ? ഒന്ന് പരിശോധിച്ചു നോക്കാം.

അച്ചടി വിദ്യ ടൈപ്റൈറ്ററില്‍ നിന്ന് കമ്പ്യൂട്ടറിലേക്കെത്തിയ കാലത്ത് മലയാളം ഫോണ്ടുകള്‍ രൂപപ്പെട്ടു. അന്നത്തെ സാങ്കേതികവിദ്യയായ ആസ്കി ഉപയോഗിച്ച്‍ ആകെ 255 അക്ഷരങ്ങളെ ചേര്‍ക്കാൻ സാധിക്കുമായിരുന്നുള്ളൂ.  അതിനാല്‍ ഇംഗ്ലീഷ് ഫോണ്ടുകളിലെ അക്ഷരങ്ങള്‍ക്ക് പകരം മലയാളം അക്ഷരങ്ങള്‍ വരച്ചുചേര്‍ത്താണ് മലയാളം ഫോണ്ട് നിര്‍മിച്ചത്. ഇതിനെ ആസ്കി ഫോണ്ടുകള്‍ എന്നാണ് അറിയപ്പെടുന്നത്.

മലയാളം ആസ്കിയില്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കു പകരം മലയാളം ചേര്‍ത്തിരിക്കുന്നു

അതിനാല്‍ കമ്പ്യൂട്ടറില്‍ മലയാളം കാണാം എന്ന് വന്നെങ്കിലും ആ ഫോണ്ടില്‍ ഇംഗ്ലീഷ് കാണാൻ പറ്റാത്ത അവസ്ഥ വന്നു. ഇംഗ്ലീഷ് അക്ഷരങ്ങളെ മായ്ച്ച് കളഞ്ഞാണല്ലോ മലയാളം ചേര്‍ത്തത്. ചില പത്രങ്ങളില്‍ വായിക്കാൻ സാധിക്കാത്ത മലയാളം കണ്ടിട്ടില്ലേ ? ശരിക്കും അത് മലയാളത്തിനടയ്ക്ക് വരുന്ന ഇംഗ്ലീഷ് അക്ഷരങ്ങളാണ്. പഴയ സാങ്കേതികവിദ്യയുപയോഗിച്ച ആ ഫോണ്ടുകളില്‍ ഇംഗ്ലീഷ് വന്നാല്‍ കാണിക്കാൻ നിര്‍വാഹമില്ല. അപ്പോള്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്ക് വേറെ ഇംഗ്ലീഷ് ഫോണ്ട് കൊടുക്കേണ്ടതായി വരുന്നു. അങ്ങനെ കൊടുക്കാൻ മറുന്നുപോകുമ്പോഴാണ് താഴെ കാണുന്ന ചിത്രത്തിലെ പോലുള്ള അമളികള്‍ പത്രങ്ങള്‍ക്ക് പറ്റുന്നത്.

ഇത്തരം പ്രശ്നങ്ങള്‍ പരിഹരിച്ചാണ് യുണിക്കോഡിന്റെ വരവ്. യുണിക്കോഡില്‍ ഇംഗ്ലീഷ് അക്ഷരങ്ങളെ മായ്ച്ച് കളഞ്ഞ് മലയാളം എഴുതിവയ്ക്കുന്ന തരികിട പരിപാടി ചെയ്തിട്ടില്ല. യുണിക്കോഡിന് എല്ലാ ഭാഷകളിലെ എല്ലാ അക്ഷരങ്ങളെയും ഉള്‍ക്കൊള്ളാനാവും. അതുകൊണ്ട് തന്നെ മലയാളത്തിനിടയ്ക്ക് വരുന്ന ഇംഗ്ലീഷ് ഇംഗ്ലീഷ് അക്ഷരങ്ങളായിത്തന്നെ യുണിക്കോഡില്‍ കാണാം.

യുണിക്കോഡില്‍ മലയാളത്തിനുള്ള കോഡ് പോയിന്റില്‍ ആണ് അക്ഷരങ്ങൾ ചേര്‍ത്തിരിക്കുന്നത്

അതിനുപുറമേ ആസ്കിയില്‍ ഉള്‍ക്കൊള്ളിക്കാനാവാതെ മലയാളഭാഷയ്ക്ക് നഷ്ടപ്പെട്ട തനതുലിപിയും യുണിക്കോഡിലൂടെ പുനര്‍ജനിച്ചു. നിലവിലെ യുണിക്കോഡ്‍ ലോകത്തെ 150 ഭാഷകളെ പിന്തുണയ്ക്കുന്നു. 137,994 അക്ഷരങ്ങള്‍ ഇന്ന് യുണിക്കോഡിലുണ്ട്. യുണിക്കോഡ് കണ്‍സോര്‍ഷ്യം എന്ന സന്നദ്ധ സംഘടനയാണ് യുണിക്കോഡ് പരിപാലിക്കുന്നത്.

യുണിക്കോഡിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത അത് ഇന്റര്‍നെറ്റ് ലോകത്ത് തിരയാൻ സാധിക്കുന്ന ടെക്സ്റ്റ് ആണ് എന്നതാണ്. ആസ്കിയില്‍ എഴുതപ്പെട്ടവ വെബ്സൈറ്റില്‍ കാണാനോ തിരയാനോ സാധ്യമല്ല. വിക്കിപീഡിയ, ഇമെയില്‍, ഫേസ്ബുക്ക്, ബ്ലോഗ്, ഓണ്‍ലൈൻ പോര്‍ട്ടലുകള്‍ എന്നിങ്ങനെ ഓണ്‍ലൈനായി നമുക്ക് വായിക്കാൻ കഴിയുന്നതും മൊബൈല്‍ ഫോണില്‍ നാം  കാണുന്ന മലയാളവുമെല്ലാം യുണിക്കോഡ് ആണ്. മൊബൈലിലെ ഏത് കീബോര്‍ഡ് ഉപയോഗിച്ച് മലയാളം ടൈപ് ചെയ്താലും നമ്മള്‍ യുണിക്കോഡിലാണ് ടൈപ് ചെയ്യുന്നത്. അതായത് മംഗ്ലീഷ് രൂപത്തിലെഴുതുന്നതും, ഹാന്റ്റൈറ്റിംഗ് കീബോര്‍ഡും, സംസാരിച്ച് എഴുതുന്ന കീബോര്‍ഡുമെല്ലാം നമുക്ക് തരുന്നത് യുണിക്കോഡ് മലയാളമാണ്. അപ്പോള്‍ ഒരാള്‍ നിത്യേന കാണുന്ന മിക്കതും യുണിക്കോഡാണെന്ന് വരുമ്പോള്‍ ഈ ആസ്കി എവിടെയാണ് ഉപയോഗിക്കുന്നത്? പഴയ ടെക്നോളജിയില്‍ നിന്നും മാറാത്ത പ്രസിദ്ധീകരണങ്ങള്‍, പത്രങ്ങള്‍ എന്നിവ ഇപ്പോഴും ആസ്കി ഉപയോഗിക്കുന്നു. ആസ്കിയില്‍ ടൈപ് ചെയ്യുന്നതിനായി പ്രത്യേക സോഫ്റ്റ്‍വയെറിന്റെ സഹായം ആവശ്യമുണ്ട്. ISM എന്ന സോഫ്റ്റ്‍വെയറാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഇങ്ങനെ ടൈപ് ചെയ്തവ നമുക്ക് മൊബൈലിലോ ഗുഗിള്‍ പോലുള്ള ഓണ്‍ലൈൻ സംവിധാനങ്ങളിലോ കോപി ചെയ്താല്‍ കാണാനാവില്ല.

ടൈപ് ചെയ്ത ടെക്സ്റ്റ് കണ്ടാല്‍ എങ്ങനെ യുണിക്കോഡ്/ആസ്കി തിരിച്ചറിയാം ?

നേരത്തെ പറഞ്ഞതില്‍ നിന്ന് അത് വ്യക്തമാണ്. മൊബൈലിലോ (വാട്ട്സപ്പ്, ഫേസ്ബുക്ക് തുടങ്ങിയ ആപ്ലികേഷനുകളില്‍) ഓണ്‍ലൈനിലോ ഇട്ടാല്‍ വായിക്കാൻ സാധിക്കുന്നുണ്ടെങ്കില്‍ അത് യുണിക്കോഡാണെന്നതില്‍ ഒരു സംശയവും വേണ്ട. മറ്റൊരു മാര്‍ഗം ഫോണ്ട് നോക്കി തിരിച്ചറിയുക എന്നതാണ്. ML-revathi ML-TT Revathi ഇതുപോലെയുള്ള ഫോണ്ടുകളില്‍ കാണാൻ സാധിക്കുന്നുണ്ടെങ്കില്‍ അത് ആസ്കി(ASCII) ഫോണ്ട് ആയിരിക്കും. രചന, മീര, മഞ്ജരി പോലുള്ള ഫോണ്ടുകളില്‍ കാണാൻ സാധിക്കുന്നത് യുണിക്കോഡ് ആയിരിക്കും. യുണിക്കോഡ് ഫോണ്ടുകള്‍ https://smc.org.in/fonts എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *