വിവിധ തരം ക്രിപ്റ്റോ കറൻസികള്‍ -ഭാഗം ഏഴ്

ബിറ്റ്കോയിന്‍ സോഫ്റ്റ്‍വെയര്‍ ഓപണ്‍സോഴ്സ് ആയതുകൊണ്ട് ആ ടെക്നോളജി ഉപയോഗപ്പെടുത്തി നിരവധി ക്രിപ്റ്റോ കറൻസികള്‍ വന്നു. ബിറ്റ്കോയിൻ ആണ് തുടക്കം എന്നതുകൊണ്ട് അതിനുശേഷം വന്ന ക്രിപ്റ്റോ കറൻസികളെ Alternative കോയിൻസ് എന്നതിന്റെ ചുരുക്കരൂപത്തില്‍. ആള്‍ട്ട് കോയിൻ എന്ന് വിളിച്ച് തുടങ്ങി. 2018 ല്‍ തന്നെ 1600 ലധികം ക്രിപ്റ്റോ കറൻസികള്‍ ഉണ്ടായി. എപ്പോള്‍ വേണമെങ്കിലും പുതിയ ഒരു ക്രിപ്റ്റോ കറൻസി രൂപപ്പെടാം. എന്നാലും മാര്‍ക്കറ്റ് ഷെയറിലും ഉപയോഗത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ബിറ്റ്കോയിൻ തന്നെയാണ്. നമുക്ക് മറ്റു ക്രിപ്റ്റോ കറൻസികളെ പരിചയപ്പെടാം.

ലൈറ്റ് കോയിൻ (LTC)

ബിറ്റ്കോയിൻ രൂപം കൊണ്ട് രണ്ടാം വര്‍ഷത്തില്‍ വന്ന ക്രിപ്റ്റോകറൻസിയാണ് ലൈറ്റ് കോയിൻ. ചാര്‍ലി ലീ ആണ് ലൈറ്റ്കോയിൻ നിര്‍മിച്ചത്. ബിറ്റ്കോയിനോട് ഏറ്റവും അടുത്തുനില്‍ക്കുന്നതാണ് ലൈറ്റ് കോയിൻ. ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ലൈറ്റ്കോയിനില്‍ ഉണ്ടായിരുന്നത്. ആ മാറ്റങ്ങള്‍ ഇവയാണ്

  • ഒരു ബ്ലോക്ക് ചേര്‍ക്കാനുള്ള സമയം പത്ത് മിനിറ്റില്‍ നിന്നും 2.5 മിനിറ്റായി കുറച്ചു
  • SHA256 ന് പകരം സ്ക്രിപ്റ്റ് എന്ന ഹാഷിംഗ് അല്‍ഗോരിതം ഉപയോഗിച്ചു.
  • മാക്സിമം കോയിന്റെ ലിമിറ്റ് 21 മില്യണില്‍ നിന്നും 84 മില്യണാക്കി ഉയര്‍ത്തി.

ഈഥര്‍ അഥവാ എഥീരിയം (ETH)

2015 ല്‍ Vitalik Buterin ആരംഭിച്ച എഥീരിയം ആണ് ഇന്ന് ബിറ്റ്കോയിന്‍ കഴിഞ്ഞാല്‍ രണ്ടാമത് നില്‍ക്കുന്ന വലിയ ക്രിപ്റ്റോകറൻസി. എന്നാല്‍ എഥീരിയം ബിറ്റ്കോയിൻ പോലെ വെറുമൊരു ക്രിപ്റ്റോ കറൻസി മാത്രമല്ല. അത് ബ്ലോക്ക് ചെയിൻ അധിഷ്ടിത ആപ്ലിക്കേഷനുകള്‍ ഡെവലപ്പ് ചെയ്യാനാകുന്ന  ഒരു വികേന്ദ്രീകൃത പ്ലാറ്റ്ഫോം ആണ്. എഥീരിയം ഒരു വികേന്ദ്രികൃത വിര്‍ച്വല്‍ മെഷീൻ ആണ് നല്‍കുന്നത്, അത് എഥീരിയം വിര്‍ച്വല്‍ മെഷീൻ എന്നറിയപ്പെടുന്നു. ഇതിനകത്ത് നമുക്ക് നമ്മുടെതായ ബ്ലോക്ക്ചെയിൻ ആപ്ലിക്കേഷനുകള്‍ ഡെവലപ് ചെയ്യാനാകും. എഥീരിയത്തിനകത്ത് പ്രവര്‍ത്തിക്കുന്ന ക്രിപ്റ്റോ കറൻസിയുടെ പേരാണ് ഈഥര്‍. സ്മാര്‍ട്ട് കോണ്ട്രാക്ട് എന്ന ഒരു സാങ്കേതിക വിദ്യയും എഥീരിയത്തില‍് പ്രവര്‍ത്തിക്കന്നു. ചില സെക്യൂരിറ്റി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് എഥീരിയം പുതിയ വെര്‍ഷനിലേക്ക് മാറുകയുണ്ടായി. എന്നാല്‍ പഴയത് എഥീരിയം ക്ലാസിക് എന്ന പേരില്‍ നിലനില്‍ക്കുന്നു. എഥീരിയം ETH എന്ന ചുരക്കപേരിലും എഥീരിയം ക്ലാസിക് ETC എന്ന പേരിലും ഇപ്പോള്‍  ലഭ്യമാണ്.

(ഈ ലേഖനം എഴുതുമ്പോള്‍ ഒരു ഈഥര്‍ 256.25 ഡോളറാണ്. )

പിയര്‍ കോയിൻ (PPC)

ബിറ്റ്കോയിനില്‍ ഒരു ബ്ലോക്ക് ചേര്‍ക്കപ്പെടുന്നത് നിശ്ചിത എണ്ണം പൂജ്യം വരുന്ന ഹാഷ് കണ്ടെത്തുന്നതിലൂടെയാണല്ലോ. അത് പ്രൂഫ് ഓഫ് വര്‍ക്ക് മെത്തേഡ് എന്നാണ് അറിയപ്പെടുന്നത്. അതായത് അവിടെ ഒരു വര്‍ക്ക് നടന്നാലേ ബ്ലോക്ക് ചേര്‍ക്കപ്പെടൂ. എന്നാല്‍ പിയര്‍കോയിൻ ഇതോട് കൂടെ പ്രൂഫ് ഓഫ് സ്റ്റേക്ക് എന്ന മെത്തേഡ് കൂടി കൂട്ടിച്ചേര്‍ത്താണ് ചെയ്യുന്നത്. കോയിന്റെ പഴക്കം കൂടി ഇതില്‍ ഒരു ഘടകം ആകുന്നു. എന്നാല്‍ അര ഡോളറില്‍ താഴെയെ ഉള്ളൂ പിയര്‍കോയിന്റെ ഇന്നത്തെ മൂല്യം.

ബിറ്റ്കോയിൻ ക്യാഷ് (BTH)

ബിറ്റ്കോയിനില്‍ മാറ്റം വരുത്തി നിര്‍മിച്ച ക്രിപ്റ്റോ കറൻസിയാണ് ബിറ്റ്കോയിൻ ക്യാഷ്. 2017 ലാണ് ബിറ്റ്കോയിൻ ക്യാഷ് നിലവില്‍ വരുന്നത്. ബ്ലോക്ക് സൈസ് 8MB ആക്കി ഉയര്‍ത്തുകയും വെരിഫിക്കേഷൻ വേഗത്തിലാക്കാനുള്ള മാറ്റങ്ങള്‍ ചേര്‍ക്കുകയും ചെയ്താണ് ബിറ്റ്കോയിൻ ക്യാഷ് രംഗത്ത് വന്നത്. ഇന്നത്തെ മൂല്യം 134 ഡോളര്‍.

ബനാനാ കോയിൻ

വാഴപ്പഴത്തിലെന്താ ക്രിപ്റ്റോകറൻസിയില്‍ കാര്യം? എന്നാല്‍ കാര്യമുണ്ട്. ഒരു കിലോ ലേഡിഫംഗര്‍ വാഴപ്പഴത്തിന്റെ വിലക്കനുസരിച്ച് മുന്നോട്ട് പോകുന്ന ഒരു ക്രിപ്റ്റോകറൻസിയാണ് ബനാനാകോയിൻ. എഥീരിയം ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ചൈനയിലേക്ക് കയറ്റി അയക്കാനുള്ള വാഴകൃഷിക്ക് വേണ്ടിയാണ് ബനാനാകോയിൻ വാങ്ങുന്ന പണം ഉപയോഗിക്കുന്നത്. ക്രൗഡ് ഫണ്ടിംഗ് രൂപത്തില്‍ പ്രവര്‍ത്തിക്കുന്ന ബനാനാകോയിൻ ഇപ്പോഴെന്തായാലും 0.5 ഡോളര്‍ വെച്ച് 6 812 551 കോയിനുകള്‍ ചിലവായിക്കഴിഞ്ഞു.

തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ക്രിപ്റ്റേകറൻസികളുടെ ലിസ്റ്റ് അനേകമാണ്. ഉണ്ടായി വന്ന ചില കോയിനുകള്‍ ഇപ്പോള്‍ ഇല്ലാതായിട്ടും ഉണ്ട്. ബിറ്റ്കണക്ട്, കൊടാക് കോയിൻ, പെട്രോ തുടങ്ങിയവയൊക്കെ ഇങ്ങനെ ഇനാക്ടീവ് ആയ ക്രിപ്റ്റോ കറൻസികളാണ്.

 

Leave a Reply

Your email address will not be published. Required fields are marked *