ക്രിപ്റ്റോ കറൻസിയുടെ സവിശേഷതകള്‍ – ഭാഗം രണ്ട്

ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിനെക്കുറിച്ച് പൊതുവായി നമ്മള്‍ പരിചയപ്പെട്ടു. ബിറ്റ്കോയിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിന് മുമ്പ് നമുക്ക് ആദ്യകാല പണമിടപാടുകളെ ഒന്ന് പരിശോധിച്ച് നോക്കാം. നമ്മളെല്ലാം ചെറുപ്പത്തിലേ പഠിച്ചിട്ടുണ്ട് ബാര്‍ട്ടര്‍ സമ്പ്രദായത്തെക്കുറിച്ച്. ഒരു വസ്തു നല്‍കി മറ്റൊരു വസ്തു വാങ്ങുന്ന ആ സമ്പ്രദായത്തില്‍ നിന്നാണ് സ്വര്‍ണം ഒരു വിനിമയോപാധിയായുള്ള സാമ്പത്തികവ്യവസ്ഥയിലേക്ക് മാറിയത്. പക്ഷേ അതിനും പരിമിതികളുണ്ടായിരുന്നു.മോഷണം പോകാനും സൂക്ഷിക്കാനുമൊക്കെയുള്ള ബുദ്ധിമുട്ട് പരിഹരിക്കാനായി സ്വര്‍ണപണിക്കാര്‍ സ്വര്‍ണം വാങ്ങിവെക്കുകയും അതിന് തുല്യമായി ഒരു പേപ്പറില്‍ ഇയാള്‍ക്ക് ഇത്ര സ്വര്‍ണമുണ്ട് എന്ന് എഴുതി നല്‍കുകയും ചെയ്തു തുടങ്ങി. അതാണ് കറൻസിയിലേക്ക് വഴി തെളിച്ചത്. സ്വര്‍ണപണിക്കാരില്‍ നിന്നും സ്വര്‍ണം സുക്ഷിച്ച് അതിനുള്ള കടലാസ് നല്‍കുന്നത് രാജാവിലേക്കായി പിന്നീട് ഗവണ്‍മെന്റുകളായി. ഇതാണ് ഇന്നുള്ള കറൻസി നോട്ടുകളുടെ ചരിത്രം. കറൻസികളും വിട്ട് പണമിടപാടെല്ലാം ഓണ്‍ലൈൻ വഴിയും ആപ്ലികേഷനുകള്‍ വഴിയുമായി ഇപ്പോള്‍ ക്യാഷ്ലെസ് എക്കണോമിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ സിസ്റ്റത്തിനും ഒരുപാട് പരിമിതികളുണ്ട്. ആ പരമിതിയെ മറികടക്കാനാണ് ക്രിപ്റ്റോ കറൻസികള്‍ രംഗത്തുവന്നത്.

ക്രിപ്റ്റോ കറൻസിയുടെ പ്രധാനപ്പെട്ട സവിശേഷതകള്‍ ഇതെല്ലാമാണ്.

 • ഒരിക്കലും  നശിച്ച് പോകുന്നതായിരിക്കരുത്
  കറൻസിയുടെ പ്രധാന പ്രശ്നമാണ് ഉപയോഗിക്കുന്തോറും നാശമായിപോകുന്നത്. കീറിയ നോട്ട് ഒന്ന് ചിലവായിക്കിട്ടാൻ നാം വളരെ ബുദ്ധിമുട്ടാറുണ്ട്. അതുകൊണ്ട് തന്നെ ഉപയോഗം കൊണ്ടോ അല്ലാതെയോ നശിച്ച് പോകുന്ന ഒന്നായിരിക്കരുത് നമ്മുടെ ഡിജിറ്റല്‍ കറൻസി.
 • കേന്ദ്രീകൃത നിയന്ത്രണം  ഉണ്ടാകരുത്
  നമ്മുടെ കറൻസി ഒരു കേന്ദ്രികൃത സംവിധാനത്തിന് കീഴെയാണ് പ്രവര്‍ത്തിക്കുന്നത്. റിസര്‍വ് ബാങ്കിനും ഗവണ്‍മെന്റിനുമാണ് കറൻസിക്കുമേലുള്ള പൂര്‍ണ അധികാരം. അവരുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് കറൻസിയുടെ മൂല്യം ഇടിയാനും പണപ്പെരുപ്പമുണ്ടാവാനുമുള്ള സാധ്യതയുണ്ട്. അതിനും പുറമെ ഈ കേന്ദ്രീകൃത സംവിധാനം നാളെ മുതല്‍ നിങ്ങളുടെ നോട്ടുകള്‍ അസാധുവാണ് എന്ന് പറഞ്ഞാല്‍ കയ്യിലിരിക്കുന്ന കറൻസികള്‍ വെറും കടലാസ് കഷണങ്ങളായിത്തീരുകയും ചെയ്യും. അത്തരത്തിലൊരു കേന്ദ്രീകൃത സംവിധാനം ഇല്ലാത്തതായിരിക്കണം ക്രിപ്റ്റോ കറൻസി.
 • വ്യാജ നാണയങ്ങൾ അസാദ്ധ്യമായിരിക്കണം
  കറൻസികള്‍ നേരിടുന്ന വലിയ പ്രശ്നമാണ് വ്യാജന്മാര്‍. വ്യാജനോട്ടിന് പിടിക്കപ്പെടുന്നവരുടെ വാര്‍ത്ത മിക്കപ്പോഴും നാം പത്രത്തില്‍ കാണാറുണ്ട്. കറൻസിയിലും ഗോള്‍ഡിലുമെല്ലാം വ്യാജനുണ്ടാക്കാൻ എളുപ്പമാണ്. എന്നാല്‍ ക്രിപ്റ്റോ കറൻസിയില്‍ വ്യാജൻ ഉണ്ടാക്കാനാവരുത്.
 • ഇടപാടുകൾക്ക് ഇടനിലക്കാരുടെ ആവശ്യം  ഉണ്ടാകരുത്
  നാം പണം സൂക്ഷിക്കാനും കൈമാറാനും ഇടനിലക്കാരായി കാണുന്നത് ബാങ്കുകളെയാണ്. ചില ബാങ്കുകള്‍ ഓരോതവണ പണം എടുക്കാനും മറ്റ് പല കാര്യങ്ങള്‍ക്കുമായി അനാവശ്യ ഫീസുകള്‍ കൊണ്ട് നമ്മെ വലയ്ക്കുന്നുണ്ട്. ചില രാജ്യങ്ങളില്‍ സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് നിക്ഷേപകര്‍ക്ക് പണം ലഭിക്കാത്ത അവസ്ഥയുണ്ടായതും ബാങ്കുകളിലെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇടപാടുകള്‍ക്കിടയില്‍ ഇത്തരം ഇടനിലക്കാരില്ലാത്തതാണ് ക്രിപ്റ്റോ കറൻസിയുടെ മറ്റൊരു സവിശേഷത.
 • തുല്ല്യമായി വിഭജിക്കപ്പെടാൻ  കഴിയണം
  പണത്തെ തുല്യമായി വിഭജിക്കാനാകണം. ചില്ലറക്ഷാമം രൂക്ഷമായി എന്ന തലക്കെട്ട് പലപ്പോഴും നാം വാര്‍ത്തകളില്‍ കണ്ടുകാണും. നൂറ് രൂപ കയ്യിലുള്ള ഒരാള്‍ക്ക് 1 രൂപക്ക് സാധനം വാങ്ങിയാല്‍ ബാക്കി 99 രൂപ നല്‍കല്‍ കച്ചവടക്കാരന് ഒരു തലവേദനതന്നെയാണ്. എന്നാല്‍ ക്രിപ്റ്റോ കറൻസിയെ എത്ര ചെറുതായി മുറിക്കാനും ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്. ബിറ്റ്കോയിന്റെ ഏറ്റവും ചെറിയ യൂണിറ്റ് ഒരു സതോഷിയാണ്. 0.00000001 ബിറ്റ്കോയിനാണ് ഒരു സതോഷി. അതായത് ഒരു ബിറ്റ്കോയിനെ നൂറ് മില്യൻ തുല്യഭാഗങ്ങളായി വിഭജിച്ചാല്‍ കിട്ടുന്ന അത്രയും ചെറുത്. ഇപ്പോഴത്തെ കണക്ക് പ്രകാരം 100 സതോഷി ഇന്ത്യൻ രൂപയിലാക്കിയാല്‍ 29 പൈസയാണ്.
 • ദുർലഭമായിരിക്കണം
  ഏതൊരു കറൻസിയും ദുര്‍ലഭമായിരിക്കണം. ആര്‍ക്കും എപ്പോഴും ഉണ്ടാക്കാനാകുന്നതായാല്‍ അതിന് മൂല്യം നഷ്ടപ്പെടും. സ്വര്‍ണം പ്രകൃത്യാല്‍ തന്നെ ദുര്‍ലഭമായതുകൊണ്ട് അതിന് മൂല്യമുണ്ട്. നമ്മുടെ മാതൃകാ ക്രിപ്റ്റോ കറൻസിയും ഇങ്ങനെ ആര്‍ക്കും ഉണ്ടാക്കാനാവുന്നതല്ല. ആകെ 21 മില്യണ്‍ ബിറ്റ്കോയിനുകളാണ് ഉണ്ടായിരിക്കുക.
 • ഇടപാടുകളുടെ രഹസ്യ സ്വഭാവം
  ഇടപാടുകള്‍ അത് നടത്തുന്നവര്‍ക്കിടയില്‍ രഹസ്യമായിരിക്കണം. അത് നടത്തുന്ന രണ്ട്പേരൊഴികെ മൂന്നാമതൊരാള്‍ അതറിയണ്ട കാര്യമില്ല. മൂല്യം പണത്തിനായിരിക്കണം. ഇടപാടുകള്‍ നടത്തുന്ന വ്യക്തിയെ തിരിച്ചറിയല്‍ നിര്‍ബന്ധമാവരുത്.
 • അന്താരാഷ്ട്ര തലത്തില്‍ സ്വീകരിക്കുന്നതായിരിക്കണം.
  നമ്മുടെ ഇന്ത്യൻ കറൻസിയുമായി അമേരിക്കയില്‍ പോയി നമുക്ക് വിനിമയത്തിനുപയോഗിക്കാനാവില്ലല്ലോ. എന്നാല്‍ ബിറ്റ്കോയിൻ ഏത് രാജ്യത്തും ഉപയോഗിക്കാം. രാജ്യങ്ങളല്ല ഈ കറൻസിയെ നിര്‍മിക്കുന്നതും നിയന്ത്രിക്കുന്നതും.

ഇത്തരത്തില്‍ നിലവിലുള്ള സമ്പദ്‍വ്യവസ്ഥയിലെ പോരായ്മകളെ പരിഹരിച്ചുകൊണ്ടാണ് ബിറ്റ്കോയിൻ കടന്നുവരുന്നത്.

ഭാഗം മൂന്ന്

One comment

Leave a Reply

Your email address will not be published. Required fields are marked *