ബ്ലോക്ക് ചെയിൻ – ഭാഗം നാല്

ബിറ്റ്കോയിൻ ഇടപാട് പ്രവര്‍ത്തിക്കുന്നത് ബ്ലോക്ക് ചെയിൻ എന്ന ടെക്നോളജി ഉപയോഗപ്പെടുത്തിയാണ്. മുൻപ് പറഞ്ഞ ക്രിപ്റ്റോഗ്രഫിയും ഹാഷിംഗും എല്ലാം ഈ ടെക്നോളജിയില്‍ ഉപയോഗപ്പെടുത്തുന്നു. ബ്ലോക്ക് ചെയിൻ വിശദീകരിക്കുന്നതിന് മുമ്പ് നമുക്ക് നിലവിലെ ബാങ്ക് സംവിധാനത്തില്‍ എങ്ങനെയാണ് പണമിടപാടുകള്‍ നടക്കുന്നത് എന്ന് ഒന്ന് ശ്രദ്ധിക്കാം. എന്റെ കൂട്ടുകാരന് പണം ട്രാൻസ്ഫര്‍ ചെയ്യുന്നതെങ്ങനെയാണ് ? ആദ്യം നമ്മുടെ ബാങ്കിനോട് പറയുന്നു  എന്റെ അക്കൗണ്ടില്‍ നിന്നും ഇന്നയാള്‍ക്ക് ഇത്ര രൂപ കൈമാറണം എന്ന്. ബാങ്ക് ആ വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നു. ഇതിനെ ലെഡ്ജര്‍ എന്ന് പറയും. ഇന്നയാളുടെ അക്കൗണ്ടില്‍ നിന്നും ഇത്ര രൂപ ഇന്നയാളുടെ അക്കൗണ്ടിലേക്ക് അയച്ചിരിക്കുന്നു. ആയിരം രൂപയാണ് ഞാനയച്ചതെങ്കില്‍ എന്റെ അക്കൗണ്ടില്‍ നിന്ന് ആയിരം രൂപ കുറച്ച് ഞാനയച്ചുകൊടുത്ത കൂട്ടുകാരന്റെ അക്കൗണ്ടില്‍ ആയിരം രൂപ കൂട്ടി എഴുതുന്നു പണ്ട് ഇത് പുസ്തകത്തിലാണ് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ ഇന്നത് ഓണ്‍ലൈനായി രേഖപ്പെടുത്തുന്നു എന്നൊരു വ്യത്യാസമേയുള്ളൂ. ഇവിടെ നാം നടത്തുന്ന ഇടപാടുകള്‍ രേഖപ്പെടുത്തിവെക്കുന്നത് ഒരു തേര്‍ഡ്പാര്‍ട്ടിയായ ബാങ്കാണ്. ഇടപാടുകള്‍ നടത്തുന്ന ആളുകള്‍ മാത്രമുള്ള ഇടനിലക്കാരില്ലാത്ത സംവിധാനമാണ് ബിറ്റ്കോയിൻ എന്ന് നാം ആദ്യം പറഞ്ഞു. അങ്ങനെയെങ്കില്‍ ബിറ്റ്കോയിൻ ഇടപാടുകള്‍ ആരാണ് എഴുതിവെക്കുന്നത് ? ബിറ്റ്കോയിൻ ഇടപാടുകള്‍ എഴുതിവെക്കുന്ന ലെഡ്ജറുകളാണ് ബ്ലോക്ക് ചെയിൻ. പിയര്‍ ടു പിയര്‍ ടെക്നോളജിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

Bitcoin Block Data
Block chain Photo Matthäus Wander / CC BY-SA

പിയര്‍ ടു പിയര്‍ ടെക്നോളജി

Structured (DHT) peer-to-peer network diagram

ടോറന്റില്‍‍ നിന്നും ഏതെങ്കിലും ഫയല്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഒരു പിയര്‍ ടു പിയര്‍ ടെക്നോളജിയാണ്. സാധാരണഗതിയില്‍ ഒരു നാം ഒരു ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒരു കേന്ദ്രീകൃത സെര്‍വറില്‍ നിന്നാണ്. ഒരുപാട് പേര്‍ ഒരുമിച്ച് ഡൗണ്‍ലോഡ് ചെയ്യാൻ ശ്രമിച്ചാല്‍ ആ സര്‍വര്‍ ഹാങ്ങ് ആകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ പിയര്‍ ടു പിയര്‍ ടെക്നോളജിയില്‍ ഒരു കേന്ദ്രീകൃത സെര്‍വറില്‍ നിന്നല്ല നാം ഡൗണ്‍ലോഡ് ചെയ്യുന്നത് മറിച്ച് ആ ഫയല്‍ ഡൗണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുന്ന മറ്റാളുകളില്‍ നിന്നാണ്. ഒരു ഫയല്‍ നാം ടോറന്റ് ഉപോഗിച്ച് ഡൗണ്‍ലോഡ് ചെയ്യുകയാണെങ്കില്‍ അതോടൊപ്പം തന്നെ കുറച്ച് ഭാഗം അപ്ലോഡും ചെയ്യുന്നുണ്ട്. ആ ഫയലിന്റെ ഒരു ഭാഗം അതേ സമയം ഡൗണ്‍ലോഡ് ചെയ്യുന്ന മറ്റൊര കമ്പ്യൂട്ടറില്‍ നിന്നും വേറെ ഒരു ഭാഗം വേറ കമ്പ്യൂട്ടറില്‍ നിന്നുമായിരിക്കും ലഭിക്കുന്നത്. ഒരു കേന്ദ്രീകൃത സര്‍വറിനെ ആശ്രയിക്കാതെ ഡൗണ്‍ലോഡ് ചെയ്യുന്ന എല്ലാവരും പരസ്പരം പങ്കുവെക്കുന്നതിനാല്‍ ആളുകൂടുന്തോറും ഡൗണ്‍ലോഡ് വേഗത കൂടുന്നു. പഴയ പോലെ ഹാങ്ങ് ആവുന്ന അവസ്ഥ ഇല്ലാതാവുന്നു. ഇതാണ് പിയര്‍ ടു പിയര്‍ ടെക്നോളജി.

ഇടപാടുകള്‍ ബ്ലോക്ക് ചെയിനില്‍

ബിറ്റ്കോയിൻ നെറ്റ്‍വര്‍ക്കില്‍ ഇടപാടുവിവരങ്ങള്‍ രേഖപ്പെടുത്തിവെക്കുന്നത് ബ്ലോക്ക് ചെയിനിലാണെന്ന് പറഞ്ഞല്ലോ. ബിറ്റ്കോയിൻ ഇടപാടുകളുടെ കണക്കുപുസ്തകമാണ് ബ്ലോക്ക് ചെയിൻ. പത്ത് പേരുള്ള ഒരു നെറ്റ് വര്‍ക്ക് സങ്കല്‍പിക്കുക. അതിലെ ഒരാള്‍ മറ്റൊരാള്‍ക്ക് 1 ബിറ്റ്‍കോയിൻ അയച്ചുകൊടുക്കുകയാണ്.  ഈ സമയത്ത് അയക്കുന്ന വ്യക്തി ആ നെറ്റ്‍വര്‍ക്കിലെ ബാക്കി എല്ലാവരോടുമായി പറയും ഞാൻ ഇത്രബിറ്റ്കോയിൻ ഇന്ന വാലറ്റിലേക്ക് അയക്കുന്നു എന്ന്. അയക്കുന്ന വ്യക്തിക്ക് അത് നല്‍കാനുള്ള ബാലൻസ് വാലറ്റില്‍ ബാക്കിയുണ്ടോ എന്ന് പരിശോധിച്ച് ഈ പത്തുപേരിലെ ഒരാള്‍ ആ ഇടപാട് ഒരു ബ്ലോക്കില്‍ എഴുതിച്ചേര്‍ക്കുന്നു. (ഒരു ഇടപാട് മാത്രമല്ല ഒരു ബ്ലോക്കില്‍ ഉണ്ടായിരിക്കുക. 10 മിനിറ്റിനകത്ത് വരുന്ന ഇടപാടുകളെല്ലാം ചേര്‍ത്താണ് ഒരു ബ്ലോക്കില്‍ രേഖപ്പെടുത്തുക) ബ്ലോക്ക് ചെയിൻ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ത്തന്നെ അറിയാം ബ്ലോക്കുകളുടെ ഒരു ചങ്ങലയാണെന്ന്. മുന്‍പ് നടന്ന ഇടപാട് എഴുതിവെച്ച ബ്ലോക്കിനോട് ചേര്‍ന്നാണ് പുതിയ ബ്ലോക്കും എഴുതിവെക്കുക. അങ്ങനെ ആദ്യം മുതലിങ്ങോട്ടുള്ള എല്ലാ ഇടപാടുകളും ഈ ബ്ലോക്ക് ചെയിനില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. മാത്രമല്ല ഈ ബ്ലോക്കുകളിലുള്ള വിവരങ്ങള്‍ ഈ പത്തുപേരുടെ കയ്യിലും ഓരോ കോപ്പി വീതം ഉണ്ടാവുകയും ചെയ്യും.

ഇത്തരത്തില്‍ നടന്ന ട്രാൻസാക്ഷനുകള്‍ ഒരു ബ്ലോക്കില്‍ രേഖപ്പെടുത്തി ചെയിനില്‍ രേഖപ്പെടുത്തുന്ന പ്രക്രിയ ചെയ്യുന്ന വ്യക്തിക്ക് കുറച്ച് ബിറ്റ്കോയിനുകള്‍ പ്രതിഫലമായി ലഭിക്കുകയും ചെയ്യും. ആകെ ലഭ്യമായിട്ടുള്ള 21 മില്യണ്‍ ബിറ്റ്കോയിനില്‍ നിന്നാണ് ഈ പ്രതിഫലം ലഭിക്കുക. പക്ഷേ ഈ പത്തുപേരില്‍ ആരായിരിക്കണം ആ ബ്ലോക്ക് ചേര്‍ക്കുക? ഈ ബ്ലോക്ക് ബ്ലോക്ക് ചെയിനില്‍ ചേര്‍ക്കല്‍ അത്ര എളുപ്പമല്ല. അതിന് ആദ്യം ഒരു മത്സരം വിജയിക്കണം. ഈ പത്തുപേര്‍ക്കും ആ മത്സരത്തില്‍ പങ്കെടുക്കാം. ഒരു ക്രിപ്റ്റോഗ്രാഫിക് പസില്‍. ഉദാഹരണത്തിന് ഒരു റുബിക്സ് ക്യൂബ് സോള്‍വ് ചെയ്യുന്നവര്‍ക്കേ ബ്ലോക്ക് ചേര്‍ക്കാനാകൂ എന്ന് പറഞ്ഞാലോ? ആദ്യം റുബിക്സ് ക്യൂബ് സോള്‍വ് ചെയ്യുന്ന ആള്‍ ട്രാൻസാക്ഷനോടു കൂടിയ പുതിയ ബ്ലോക്ക് നിലവിലുള്ള ചെയിനില്‍ ചേര്‍ക്കും. മറ്റുള്ളവര്‍ ആ ഇടപാട് വെരിഫൈ ചെയ്യുകയും ചെയ്യും. ഇങ്ങനെ ഒരു ക്രിപ്റ്റോഗ്രാഫിക് പ്രോബ്ലം സോള്‍വ് ചെയ്ത്ഒരു ബ്ലോക്ക് ചേര്‍ക്കുന്ന പ്രവര്‍ത്തിയെയാണ് ബിറ്റ്കോയിൻ മൈനിംഗ് എന്നറിയപ്പെടുന്നത്. അതെക്കുറിച്ച് വിശദമായി അടുത്ത ലേഖനത്തില്‍ പരാമര്‍ശിക്കാം.

ബ്ലോക്ക് ചെയിൻ വിശദമായി

ബ്ലോക്ക് ചെയിൻ ആണ് നമ്മുടെ കണക്ക് പുസ്തകം. 2009 ല്‍ സതോഷി നക്കാമോട്ടോ ചേര്‍ത്ത ആദ്യ ബ്ലോക്ക് മുതല്‍ ഇന്നീ നിമിഷം വരെ ചേര്‍ത്തുകൊണ്ടിരിക്കുന്ന ബിറ്റ്കോയിൻ കറൻസിയുടെ ഇടപാട് വിവരങ്ങളാണ് ഈ ബ്ലോക്കുകളില്‍ ഇരിക്കുന്നത്. ഓരോ ബ്ലോക്കും ചേര്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ വെരിഫൈ ചെയ്യുകയും ഓരോ കോപ്പി സൂക്ഷിക്കുകയും ചെയ്തുപോകുന്നു. ബ്ലോക്ക് ചെയിൻ ഇതിനുപയോഗിക്കാനുള്ള പ്രധാനപ്പെട്ട കാരണം അതില്‍ തിരിമറി നടക്കില്ല എന്നതാണ്. ഒരിക്കല്‍ ബ്ലോക്കിലൊരു വിവരം ചേര്‍ത്താല്‍ പിന്നീട് അതില്‍ തിരുമറി കാണിക്കാനാവില്ല. അഥവാ തിരുമറി കാണിച്ചാല്‍ അതെളുപ്പത്തില്‍ കണ്ടുപിടിക്കാനുമാകും. അതിനുപോഗിക്കുന്ന ടെക്നോളജിയാണ് നാം മുമ്പ് പറഞ്ഞ ഹാഷിംഗ്. ഒരോ ഡാറ്റയുടെയും ഹാഷ് വ്യത്യസ്തമായിരിക്കും, ‍ഡാറ്റയില്‍ വരുന്ന ചെറിയ മാറ്റം പോലും ഹാഷില്‍ വലിയ മാറ്റം വരുത്തും, ഹാഷില്‍ നിന്ന് ഡാറ്റ ലഭിക്കില്ല തുടങ്ങിയ കാര്യങ്ങള്‍ ഓര്‍മയില്‍ വെക്കുക. ഒരു ബ്ലോക്കില്‍ ഒന്നില്‍ കൂടുതല്‍ ഇടപാടുകള്‍ രേഖപ്പെടുത്തിവെക്കും. ഈ വിവരങ്ങളെയെല്ലാം ഒരുമിച്ച് ഹാഷ് ചെയ്ത് ആ ഹാഷ് കൂടെ ബ്ലോക്കില്‍ ചേര്‍ക്കുന്നുണ്ട്. ഒരു ബ്ലോക്കില്‍ ആ ബ്ലോക്കിന്റെ ഹാഷും തൊട്ട് മുമ്പത്തെ ബ്ലോക്കിന്റെ ഹാഷും കാണും. അതുകൊണ്ട് ആരെങ്കിലും ഒരു ബ്ലോക്കിലെ ഡാറ്റയില്‍ മാറ്റം വരുത്തിയാല്‍ അതിന്റെ ഹാഷ് മാറും. അതുകൊണ്ട് അതിനുശേഷമുള്ള ബ്ലോക്കിലെ പ്രീവിയസ് ഹാഷ് തെറ്റാവും. അങ്ങനെ അതിനു ശേഷമുള്ള എല്ലാ ബ്ലോക്കുകളും ഇൻവാലിഡ് ആയിത്തീരും. ഇതൊരു കണക്ക് പുസ്തകത്തിലായിരുന്നെങ്കിലോ. ഇടപാടുകള്‍ എഴുതിവെച്ചിരിക്കുന്ന പുസ്തകത്തില്‍ ഇടക്കൊരു പേജ് തന്നെ കീറിയെടുത്താലും അത് കണ്ടുപിടിക്കല്‍ എളുപ്പമല്ല. എന്നാല്‍ ബ്ലോക്ക്ചെയിനില്‍ അതൊറ്റ നോട്ടത്തില്‍ മനസിലാക്കാനാകും.

ഭാഗം അഞ്ച്

One comment

Leave a Reply

Your email address will not be published. Required fields are marked *