ബ്ലോക്ക് ചെയിനെക്കുറിച്ച് നമ്മള് വിശദമായി മനസിലാക്കി. മൈൻ ചെയ്യുമ്പോഴാണ് കേന്ദ്രീകൃത റിസര്‍വില്‍ നിന്ന് ബിറ്റ്കോയിൻ ഇറങ്ങുന്നത് എന്നും നാം മനസ്സിലാക്കി. 2009 ല്‍ സതോഷി നക്കാമോട്ടോയാണ് ബ്ലോക്ക് ചെയിനിലേക്ക് ആദ്യ ബ്ലോക്ക് എഴുതിച്ചേര്‍ക്കുന്നത്. അതിന് പ്രതിഫലമായി അദ്ദേഹത്തിന് 50 ബിറ്റ്കോയിൻ ലഭിക്കുകയും ചെയ്തു. ഇങ്ങനെ ആദ്യമായി അദ്ദേഹം ചേര്‍ത്ത ബ്ലോക്കിന്റെ പേരാണ് ജെൻസിസ് ബ്ലോക്ക്. ജെൻസിസ് എന്ന വാക്കിന്റെ അർത്ഥം ഉൽപ്പത്തി, തുടക്കം എന്നൊക്കെയാണ്. ഇതിന്റെ ബ്ലോക്ക് നമ്പര്‍ ൦ ആയിരുന്നു. ബ്ലോക്ക് ചെയിനിന്റെ തുടക്കം ആയതുകൊണ്ടും സതോഷിയുടെ കയ്യില്‍ കൈമാറ്റം ചെയ്യാൻ ബിറ്റ്കോയിനുകള്‍ ഇല്ലാതിരുന്നതുകൊണ്ടും ആദ്യത്തെ ബ്ലോക്കില്‍ അദ്ദേഹം ഒരു സന്ദേശമാണ് ഉള്‍ക്കൊള്ളിച്ചത്. ആ സന്ദേശം ഇങ്ങനെയായിരുന്നു “The Times 03/Jan/2009 Chancellor on brink of second bailout for banks”.
ജനുവരി 3 ലെ ദി ടൈംസ് പത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ടായിരുന്നു അത്. 2009 ജനുവരി 3 നാണ് ആദ്യ ബ്ലോക്ക് ചേര്‍ക്കപ്പെട്ടത് എന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്. ആ വാര്‍ത്തയില്‍ പരമ്പരാഗത ബാങ്കുകളോടുള്ള ഒരു വെല്ലുവിളിയും ഉദ്ദേശിച്ച് കാണണം. എന്തായാലും ഈ വിവരം ആദ്യബ്ലോക്കായ ജെൻസില് ബ്ലോക്കില്‍ ചേര്‍ത്ത് ആദ്യം പത്ത് പൂജ്യം വരുന്ന ബ്ലോക്കിന്റെ ഹാഷും കണ്ടെത്തി അദ്ദേഹം ബ്ലോക്ക് ചെയിനിന് തുടക്കം കുറിച്ചു.
ഇനി ഈ ബ്ലോക്കില്‍ എന്തെല്ലാം വിവരങ്ങളുണ്ടായിരിക്കുമെന്ന് നോക്കാം. ഈ ബ്ലോക്കില്‍ പ്രീവയസ് ബ്ലോക്ക് ഇല്ലാത്തതുകൊണ്ട് പ്രീവിയസ് ഹാഷ് പുജ്യം ആയിരുന്നു. ഇനി റൂട്ട് ഹാഷ്. അതായത് ആ ബ്ലോക്കിലെ എല്ലാ ഇടപാടുകളും ഹാഷ് ചെയ്തതിന്റെ ടോട്ടല്‍ ഹാഷ്. ഇവിടെ ഒരു ട്രാൻസാക്ഷൻ മാത്രമല്ലേയുള്ളൂ. ആദ്യ ബ്ലോക്ക് എഴുതിച്ചേര്‍ക്കുന്നതിന് സതോഷിക്ക് ലഭിക്കുന്ന 50 ബിറ്റ്കോയിന്റെ വിവരങ്ങളും അദ്ദേഹത്തിന്റെ ബിറ്റ്കോയിൻ അഡ്രസ്സും.
ഇനി ടൈംസ്റ്റാമ്പ് അഥവാ ബ്ലോക്ക് രേഖപ്പെടുത്തുന്ന സമയം 2009-01-03 18:15:05 ആയിരുന്നു. ഇതെല്ലാം ചേര്‍ത്ത് ആദ്യം 10 പൂജ്യം വരുന്ന ബ്ലോക്ക് ഹാഷ് ഉണ്ടാക്കണമല്ലോ. ബിറ്റ്കോയിൻ കണ്ടുപിടിച്ച ആളാണെന്ന് കരുതി പണിയെടുക്കാതെയൊന്നും ബിറ്റ്കോയിൻ കിട്ടില്ല. അങ്ങനെ നൗണ്സ് മാറ്റി അദ്ദേഹം അതിന്റെ ഹാഷ് കണ്ടുപിടിച്ചു. നൗണ്സ് ചിത്രത്തില്‍ കാണാം. 2083236893. അത് വഴി ഉണ്ടാക്കിയ ഹാഷ് ആണ് താഴെ കാണുന്ന ചിത്രത്തില്‍.
ഇത്തരത്തിൽ ആദ്യത്തെ കുറേ ബ്ലോക്കുകൾ സതോഷി തന്നെ ഒറ്റയ്ക്ക് മൈനിംഗ് നടത്തി കാര്യമായ ഇടപാടുകളൊന്നുമില്ലാതെ ഓരോ ബ്ലോക്കും ഉണ്ടാക്കും ഉണ്ടാക്കുമ്പോൾ ലഭിക്കുന്ന ബിറ്റ് കോയിനുകൾ സ്വന്തമാക്കുകയാരുന്നു. ചുമ്മാ എടുക്കുകയല്ല മൈനിംഗ് നടത്തിത്തന്നെയാണ് ബിറ്റ്കോയിനുകള്‍ സ്വന്തമാക്കിയിരുന്നത്. എന്നാല്‍ മത്സരിക്കാൻ ആരും ഉണ്ടായിരുന്നില്ലെന്ന് മാത്രം. ഒറ്റക്ക് ഒരു ഓട്ടമത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന പോലൊരു പരിപാടി. ഇന്ന് ഒരുപാട് പേര് മൈൻ ചെയ്യുമ്പോള്‍ അതില്‍ ഒരാളേ വിജയിക്കൂ. ആദ്യകാലത്ത് ക്രിപ്റ്റോകറൻസിയില്‍ തല്പരരായ ആളുകള്‍ പഠനാവശ്യത്തിനും കൗതുകത്തിനും ആയിരുന്നു ബിറ്റ്കോയിനുകള്‍ പരസ്പരം പങ്കുവെക്കുകയും മൈൻ ചെയ്യുകയും ചെയ്തിരുന്നത്. ആ കാലത്ത് ബിറ്റ്കോയിന് ഒരു മൂല്യവും ഉണ്ടായിരുന്നില്ലെന്ന് നമ്മള് ആദ്യ ലേഖനത്തിലേ പറഞ്ഞതാണല്ലോ. എന്തായാലും ഇത്ര സങ്കീര്‍ണവും ശക്തവുമായ ഒരു ക്രിപ്റ്റോകറൻസിയും അത് പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് ചെയിനുമെല്ലാം കണ്ടെത്തിയ സതോഷി ഒരു ഭയങ്കരൻ തന്നെ.
Thank you for this. It’d be better for readers if you could also provide the English word for some of the tech terms. For example, ജെൻസിസ് (genesis).