ബിറ്റ്കോയിൻ ഒരു ഡിജിറ്റല്‍ കറൻസിയാണെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. ബിറ്റ്കോയിന്റെ നിര്‍വചനം ചുരുക്കിപ്പറഞ്ഞാല്‍ Dencentralized virtual cryptocurrency എന്നാണ്. കേന്ദ്രീകൃതമായ ഒരു ഗവണ്മെന്റിന്റേയോ ബാങ്കിന്റെയോ നിയന്ത്രണത്തിലല്ലാതെ പണമിടപാട് നടത്തുന്നവര്‍ക്കിടയില്‍ ആണ് എല്ലാ ട്രാൻസാക്ഷനുകളും നടക്കുന്നത്, അതിനാല്‍ ബിറ്റ്കോയിൻ വികേന്ദ്രീകൃതമാണ്. നമ്മുടെ നോട്ട് പോലെ കയ്യില്‍ കൊണ്ട് നടക്കാവുന്നതോ കാണാവുന്നതോ ആയ ഒന്നല്ല ബിറ്റ്കോയിൻ എന്നതുകൊണ്ട് അത് വിര്‍ച്വലാണ്. ബിറ്റ്കോയിന്റെ പ്രവര്‍ത്തനം ക്രിപ്റ്റോഗ്രഫി (എന്‍ക്രിപ്ഷൻ) എന്ന സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തിയാണ് എന്നതിനാല്‍ ഇത് ക്രിപ്റ്റോകറൻസി എന്നറിയപ്പെടുന്നു. 2008 ലാണ് ബിറ്റ്കോയിൻ രൂപപ്പെട്ടത്. സതോഷി നക്കാമോട്ടോ എന്ന ഒരു അജ്ഞാതനായ വ്യക്തിയോ അല്ലെങ്കില്‍ സംഘടനയോ ആണ് ബിറ്റ്കോയിന്റെ ഉപജ്ഞാതാവ്. ഇത് വരെ ആരാണ് സതോഷി നക്കാമോട്ടോ എന്ന് തിരിച്ചറിയാനായിട്ടില്ല. ബിറ്റ്കോയിൻ നിര്‍മിക്കുന്നതും കൈമാറുന്നതും ആ വിവരങ്ങള്‍ ശേഖരിച്ച് വെക്കുന്നതതുമെല്ലാം കമ്പ്യൂട്ടറാണ്, പിയര്‍ ടു പിയര്‍ ടെക്നോളജിയില്‍ പ്രവര്‍ത്തിക്കുന്ന ബിറ്റ്കോയിൻ സോഫ്റ്റ്വെയര് ഓപണ്സോഴ്സുമാണ്. ബിറ്റ് കോയിന്റെ സാങ്കേതിക വശങ്ങള് അടുത്ത ലേഖനങ്ങളില്‍ വിശദമാക്കാം.
അല്പം ചരിത്രം
സൈഫര്പങ്ക് എന്ന കമ്യൂണിറ്റിയില്‍ നിലനിന്നിരുന്ന ആശയങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് സതോഷി നക്കാമോട്ടോ ബിറ്റ്കോയിൻ എന്ന ആശയത്തിലേക്ക് എത്തുന്നത്. ബിറ്റ്കോയിൻ നിലവില്‍ വരുന്നതിന് മുമ്പേത്തന്നെ ക്രിപ്റ്റോഗ്രഫി ഉപയോഗിച്ച് ഡിജിറ്റല്‍ കറൻസികള്‍ രൂപപ്പെട്ടിരുന്നു. ഇ-ക്യാഷ് എന്ന പ്രോട്ടോക്കോള്‍ ഉപയോഗിച്ചാണ് ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്. ബി-മണി, ബിറ്റ് ഗോള്‍ഡ് തുടങ്ങിയവയായിരുന്നു തുടക്കത്തിലുള്ള ക്രിപ്റ്റോഗ്രഫി ഉപയോഗിച്ചിരുന്ന കറൻസികള്‍.
2008 ആഗസ്റ്റ് 18നാണ് bitcoin.org എന്ന ബിറ്റ്കോയിന്റെ ഔദ്യോഗിക വെബ്സൈറ്റ് നിലവില്‍ വരുന്നത്. അതേ വര്‍ഷം ഒക്ടോബറിലാണ് Bitcoin: A Peer-to-Peer Electronic Cash System എന്ന ഒരു പേപ്പര്‍ മെയിലിംഗ് ലിസ്റ്റില്‍ പ്രത്യക്ഷപ്പെടുന്നത്. ബിറ്റ്കോയിന്റെ പ്രധാന കണ്‍സെപ്റ്റ് ആ പേപ്പറിലൂടെ അവതരിക്കപ്പെട്ടു. അതിന് ശേഷം 2009 ജനുവരി 3 നാണ് ബിറ്റ്കോയിൻ കണ്‍സെപ്റ്റില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്കെത്തുന്നത്. ബിറ്റ്കോയിൻ ഒരു ഓപണ്‍സോഴ്സ് ടെക്നോളജി ആയതുകൊണ്ട് തന്നെ അത് സ്വീകരിച്ച് മറ്റ് കോയിനുകളും രംഗത്തെത്തി. 2011 ല്‍ ഇലക്ട്രോണിക് ഫൊറിയല് ഫൗണ്ടേഷൻ എന്ന നോണ്‍പ്രോഫിറ്റ് ഓര്ഗനൈസേഷൻ ബിറ്റ്കോയിൻ ഇടപാടുകള്‍ക്കായി സ്വീകരിച്ചു തുടങ്ങി. അതേ വര്‍ഷം തന്നെ വിക്കിലീക്ക്സും മറ്റു ചില ഓര്‍ഗനൈസേഷനുകളും ബിറ്റ്കോയിനുകള്‍ സ്വീകരിച്ചു തുടങ്ങി. 2012 ല്‍ വേര്ഡ്പ്രസ്സും ബിറ്റ്കോയിൻ സ്വീകരിച്ചുതുടങ്ങി. ഫെബ്രുവരി 2013 ല്‍ 1 മില്യണ്‍ യു.എസ് ഡോളറിനുള്ള ബിറ്റ്കോയിൻ വില്പന നടന്നതായി റിപോര്‍ട്ട് ചെയ്യപ്പെട്ടു. അന്ന് ഒരു ബിറ്റ്കോയിന്റെ വില 22 യുഎസ് ഡോളറായിരുന്നു. 2014 ല്‍ മൈക്രോസോഫ്റ്റും ബിറ്റ്കോയിൻ സ്വീകരിച്ച് തുടങ്ങി. 2015 ആയപ്പോഴേക്കും ഒരു ലക്ഷത്തിലധികം കച്ചവടക്കാര്‍ ബിറ്റ്കോയിൻ സ്വീകരിച്ച് തുടങ്ങിയിരുന്നു.
ബിറ്റ്കോയിന്റെ വിപണി മൂല്യം
ബിറ്റ്കോയിൻ ഡോളറുകള്‍ നല്കി വാങ്ങാൻ തുടങ്ങിയതും വിവിധ ആവശ്യങ്ങള്‍ക്കായി ബിറ്റ്കോയിൻ ഉപയോഗിക്കാൻ തുടങ്ങിയതും ബിറ്റ്കോയിന്റെ മൂല്യം ഉയര്‍ത്താൻ തുടങ്ങി. 2010 മാര്‍ച്ച് വരെ ബിറ്റ്കോയിൻ ഒരു വിലയും ഉണ്ടായിരുന്നില്ല എന്ന് വേണം പറയാൻ. SmokeTooMuch എന്ന ഒരു ഉപഭോക്താവ് പതിനായിരം ബിറ്റ്കോയിൻ 50$ ന് നല്‍കാമെന്ന് ലേലം വെച്ചെങ്കിലും ആരും വാങ്ങിയില്ല.
പിന്നീട് കൂടിയും കുറഞ്ഞും തുടര്‍ന്ന വില 2017 ഡിസംബര്‍ 17 ന് ഇന്നേവരെയുള്ള ഏറ്റവും വലിയ മൂല്യത്തിലേക്ക് ഉയര്‍ന്നു. ഒരു ബിറ്റ്കോയിന് $19,783.06 ഡോളര്‍ ആയിരുന്നു ആ മൂല്യം. ഇന്ത്യൻ കറൻസിയിലേക്കാക്കിയാല് ഇന്നത്തെ 14 ലക്ഷം രൂപ. ബിറ്റ്കോയിന് 1 ഡോളര്‍ ഉണ്ടായിരുന്ന കാലത്ത് ഒരു ബിറ്റ്കോയിൻ വാങ്ങിയിരുന്നെങ്കില്‍ എന്ത് രസായിരുന്നേനെ അല്ലേ? അന്നത്തെ 70 രൂപക്ക് അപ്പോള്‍ 14 ലക്ഷം രൂപ കയ്യിലിരുന്നേനെ. എന്നാല്‍ അന്നത്തെ ഉയര്‍ച്ചക്ക് ശേഷം ബിറ്റ്കോയിന്റെ വില കുത്തനെ താഴേക്ക് പോയി. ഇപ്പോള്‍ 3,930 ഡോളറാണ് ഒരു ബിറ്റ്കോയിന്റെ വില. 14 ലക്ഷത്തില്‍ നിന്നും നന്നേ കുറഞ്ഞെങ്കിലും ഇപ്പോഴും ഇന്ത്യൻ രൂപ 3 ലക്ഷത്തിനടുത്താണ് ഒരു ബിറ്റ്കോയിന്റെ വില. ബിറ്റ്കോയിന്റെ വില ഊഹിക്കാനാകാത്തതുകൊണ്ട് തന്നെ ഒരുപാട് പണം മുടക്കി അതില്‍ ഇൻവെസ്റ്റ് ചെയ്യുന്നത് വലിയ അപകടം വരുത്തിയേക്കാം.
ബിറ്റ്കോയിനും നിയമങ്ങളും
ബിറ്റ്കോയിൻ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുമ്പോള്‍ ബാങ്കിനോ സര്‍ക്കാരിനോ അതില്‍ നിയന്ത്രണങ്ങളില്ലാത്തതുകൊണ്ട് തന്ന ചില രാജ്യങ്ങള്‍ ബിറ്റ്കോയിൻ ഇടപാടുകള്‍ നിയമപരമായ നിരോധനം കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ബിറ്റ്കോയിൻ ഇടപാട് നിയമവിരുദ്ധമല്ല. എന്നാല്‍ അത് ലീഗല്‍ ടെന്റര്‍ അല്ല എന്ന് 2018 ലെ ബജറ്റ് പ്രസംഗത്തില്‍ ഫിനാൻസ് വകുപ്പ് മന്ത്രി അരുൺ ജൈറ്റ്ലി പറയുകയുണ്ടായി. ക്രിപ്റ്റോകറൻസി ഉപയോഗിച്ചുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഗല്‍ ടെന്റര്‍ അല്ല എന്നു പറഞ്ഞാല്‍ ബിറ്റ്കോയിൻ ഇടപാടുകള്‍ക്ക് നിയമപരിരക്ഷ ലഭിക്കില്ല എന്നര്‍ഥം. തരാമെന്ന് പറഞ്ഞ കോയിൻ തന്നില്ലെങ്കില്‍ കോടതിയില്‍ കേസുമായി പോകാനോ ഗവണ്മെന്റ് ആവശ്യങ്ങള്‍ക്ക് ബിറ്റ്കോയിൻ ഉപയോഗിക്കാനോ ആകില്ല.