പ്രത്രീക്ഷകൾ തകർക്കുന്ന മലയാളി ടെക്കികൾ

സനൂപ് പട്ടണത്ത്

Open Browser

വാട്സാപ്പിന്റെ ഈയിടെയുണ്ടായ പ്രൈവസി പോളിസി മാറ്റത്തെക്കുറിച്ച് ചില വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ച കേട്ടതിലുണ്ടായ ഒരു അമർഷം തീർക്കുക എന്നതാണ് ഈ എഴുത്തിന്റെ ലക്ഷ്യം

ഗ്രൂപ്പിൽ ഈ ചർച്ച വരുന്നത്, ഗ്രൂപ്പിലെ ഒരു മെമ്പർ “ഞാൻ വാട്സാപ്പ് വിടനാഗ്രഹിക്കുന്നു, ടെലിഗ്രാമിലേക്ക് ഈ ഗ്രൂപ്പ് മാറിക്കൂടെ ?” എന്ന ചോദ്യത്തിൽ നിന്നാണ്, എല്ലാ വാസ്ടാപ്പ് ഗ്രൂപ്പിലെയും പോലെ അഭിപ്രായം പറഞ്ഞ ആളെ ആദ്യം പരിഹസിച്ച് ചർച്ച തുടങ്ങി

ഗ്രൂപ്പ് ഒന്ന്: MCA പഠിച്ച ടെക്കികളുള്ള ഗ്രൂപ്പ്, ഏല്ലാവരും IT യിൽ വിദഗ്ധർ, പലരും ഈ മേലയിൽ തന്നെ ജോലിചെയ്യുന്നു

ഇതിലെ വാട്സാപ്പിനെ ന്യായീകരിച്ച് പറഞ്ഞകാര്യങ്ങൾ.

1. ഈ പോളിസി സാധരണക്കാരനെ ബാധിക്കില്ല. ബിസിനസ് അക്കൗണ്ടുകളെ മാത്രമാണ്.

2. സുക്കർ ബെർഗ് അയാളുടെ സാലറിയുടെ 99% ദാനം ചെയ്യുന്നുണ്ട്. അത്രയും നല്ല മനുഷ്യനാണ്. അദ്ദേഹം അതുകൊണ്ട് തന്നെ വലിയ വിലയൊന്നുമില്ലാത്ത എന്റെ ഡാറ്റ എടുത്തോട്ടെ.

3. സുക്കർ ബെർഗ് അയാളുടെ ഭാര്യയുടെ ഗർഭകാലത്ത്, എല്ലാ എംപ്ലോയികൾക്കും matternity leave കൊടുത്തിരുന്നു.

4. അവരുടെ ആപ്പിൽ അവർക്കിഷ്ടമുള്ളതു ചെയ്യും അതു ചോദിക്കാൻ നിക്കണ്ട.

 

ഗ്രൂപ്പ് രണ്ട്: BCAന്റെ ഒരു ബാച്ചിന്റെ ഗ്രൂപ്പ്, പലരും ഐടിയിൽ വിദഗ്ധ‍ർ,ആ മേഘലയിൽ ജോലി ചെയ്യുന്നു. ചിലർ സ്റ്റാർട്ടപ്പ് മുതലാളിമാർ

ഇതിലെ വാട്സാപ്പിനെ ന്യായീകരിച്ച് പറഞ്ഞ കാര്യങ്ങൾ.

  1. ഓർക്കൂട്ട് മുതലുള്ള സോഫ്റ്റവെയറുകൾ ഡാറ്റ എടുക്കുന്നു. അത് കൊണ്ട് അത്ര കൺസേൺ ആണേൽ ഇന്റെർനെറ്റ് തന്നെ ഒഴിവാക്കണം, അല്ലാതെ സംസാരിക്കരുത്.
  2. ആരാന്റെ തോടൂൽ നമ്മുടെ സാദാനംം വെച്ചാൽ അവർക്ക് തോന്നുമ്പോ പറഞ്ഞോ പറയാതെയൊ എടുക്കും അതിലൊന്നും ചെയ്യാനില്ല. അതോണ്ട് ഈ ചർച്ചയിലൊന്നും അർഥമില്ല. സ്റ്റാർട്ടപ്പ് മുതലാളി.

ആദ്യ ഗ്രൂപ്പിലെ ചർച്ച നോക്കാം.

ന്യായം 1: ബിസിനസ് അക്കൗണ്ടിലെ ഡാറ്റക്ക് പ്രത്യേകിച്ച് ഒരു പ്രൈവസിയും വേണമെന്നില്ല, ഈ ന്യായം തീരെ നിലനിൽക്കാത്തതാണ്. ഒരു ബിസിനസിന്റെ കളക്റ്റ് ചെയ്യുന്ന ഡാറ്റ അവരുടെ തന്നെ മത്സര കമ്പനിക്ക് കിട്ടിയാൽ എങ്ങനെയിരിക്കും? രണ്ടു ബിസിനസും ഇല്ലതാവാൻ അതു ധാരളം, പോരാത്തതിനു ഈ ബിസിനസ് ക്ലൈന്റിന്റെ ഡാറ്റ വലിയ കോർപ്പറേറ്റ്ുകൾക്ക് കിട്ടിയാൽ എല്ലാ ചെറുകിട ബിസിനസിനേയും ഇല്ലതാക്കി പുതിയ കോർപ്പറേറ്റ്് മോണോപോളി ചെയ്നുകൾ ഉണ്ടാവില്ലേ ? ഇത്തരത്തിൽ ചെറിയ ബിസിനസ് തകരുന്നതിന്റെ പ്രശ്നം അവസാനം പറയാം

ന്യായം 2: ദാനം ചെയ്യുന്നവർക്ക് എന്തുമാവാം എന്നതു പൊതുവെ നമ്മൾ ഇന്ത്യക്കാരുടെ ഒരു രീതിയാണ്. പല സെലിബ്രറ്റി ക്രിമിനലുകളേയും പണ്ട് ഈ രീതിയിൽ ന്യായീകരിച്ചിട്ടുണ്ട്. കോർപ്പറേറ്റ് ടാക്സ്, വ്യക്തി വരുമാന ടാക്സ് എന്നിവയിൽ നിന്നും രക്ഷപ്പെടാൻ ലോക ധനികരുടെ സ്ഥിരം അടവാണ് ദാനശീലം. ഫേസ്ബുക്ക് പോലെ പല ടെക്ക് രാജാക്കൻമാരും ലോകത്തെ പലരാജ്യത്തും ടാക്സ് അവോയിഡൻസ് നടത്തിതിനു കേസ് ഉണ്ട്. അതിനെ തുടർന്ന് പല ഫൈനും അടക്കേണ്ടി വന്നിട്ടുണ്ട്.

അവർ ഡാറ്റാ മോണോപോളിയിലൂടെ സാധിച്ചെടുക്കുന്നതു വലിയൊരു ഭാവി ബിസിനസ് ആണ്. അതിൽ നിന്നും അവരുണ്ടക്കാൻ പോവുന്നതും, അതിലൂടെ അവർ തകർക്കാൻ പോവുന്ന ജീവിതങ്ങളും വെച്ച് വേണം ഇതിനെ താരതമ്യം ചെയ്യാൻ. മാത്രമല്ല ദാനം ഒരാളുടെ ഔദാര്യം മാത്രമാണ്. പക്ഷെ സർക്കാർ ആനുകൂല്യങ്ങൾ അവകാശങ്ങളാണ്. അത് ലഭിച്ചില്ലെങ്കിൽ ചോദ്യം ചെയ്യാൻ സാധിക്കും. ഔദാര്യങ്ങളാണോ അവകാശങ്ങളാണോ നമുക്ക് വേണ്ടത് ?

ന്യായം 3: ഗർഭകാലത്തെ ലീവ്, ഇന്ത്യയിൽ ഫേസ്ബുക്ക് ഇത് നൽക്കുന്നുണ്ടോ എന്നറിയില്ല. ഉണ്ടെങ്കിൽ അതിന്റെ കാരണം ഇത്രയേ ഉള്ളൂ. പല യൂറോപ്പ്യൻ രാജ്യങ്ങളിലും ഗർഭകാല അവധി ഒരോ സ്ത്രീയുടേയും അവകാശമാണ്. ചില രാജ്യങ്ങളിൽ പുരുഷൻമാർക്ക് സ്ത്രീകൾ ജോലിക്ക് പോകുബോൾ കുട്ടികളെ നോക്കാൻ Paternity ലീവും അവകാശമാണ്. ഒരു മൾട്ടി നാഷണൽ കമ്പനിയിലെ ഒരു ഡിപ്പാർട്ട്മെന്റിലെ രണ്ടു രാജ്യങ്ങളിലെ തൊഴിലാളികൾക്ക് വ്യത്യസ്ത ലീവുകൾ നൽകിയാലുണ്ടാക്കുന്ന ഈഗൊ, കമ്പനി പോളിക്റ്റിക്സ് എന്നവയിലൂടെ തൊഴിലാളികളുടെ പ്രോഡക്റ്റിവിറ്റി കുറയാതിരിക്കാൻ വേണ്ടി മാത്രമാണു ഇങ്ങനെ ചെയ്യുന്നത്. ഈ അവകാശം എല്ലാവർക്കും ഇന്ത്യയിൽ നേടിയെടുക്കാൻ ഇന്ത്യയിൽ നിയമം ഉണ്ടക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്. അല്ലാതെ ഒരു കമ്പനിയുടെ ഫാൻ/അടിമ ആകുന്നതിൽ അർഥമില്ല.

ന്യായം 4: അവരുടെ ആപ്പ് അവരുമാത്രം ഉള്ളതുകൊണ്ട് നില നിൽക്കുന്നതല്ല. ഏതു ബിസിനസിലും അതിന്റെ ഉപഭോക്താക്കൾ അതിന്റെ ഭാഗമാണ്, അവരുടെ പ്രശ്നങൾ കേൾക്കാനും പരിഹരിക്കാനും ആപ്പ് മുതലാളിമാർ ബാധ്യസ്ഥരാണ്. സോഫ്റ്റ്‍വെയർ മെച്ച പ്പെടുന്നത് കസ്റ്റമെർ ഫീഡ്ബാക്കിലൂടെ തന്നെയാണ്. ഇഷ്ടപെടാത്ത എന്തു പുതിയ ഫീച്ചറിനേയും കസ്റ്റമർ എന്ന നിലയിൽ വിമർശിക്കാൻ അധികാരമുണ്ട്. വിമർശനം അംഗീകരിക്കുന്നില്ലെങ്കിൽ മറ്റൊന്നിലേക്ക് പോവാനും, ഇതുപോലെ മനുഷ്യ ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങൾ ആണ് ചെയ്യുന്നതെങ്കിൽ അതിനു നിയമനിർമാണത്തിലും/പോരാട്ടത്തിലും പങ്കെടുക്കണം. അത് ഒരു ജനാധിപത്യ രാജ്യത്തിലെ പൗരന്റെ ഉത്തരവാധിത്ത്വം ആണ്.

രണ്ടാം ഗ്രൂപ്പിലെ ചർച്ച നോക്കാം

ന്യായം 1: ഒന്നല്ലെങ്കിൽ എല്ലാം ഒഴിവാക്കുക അല്ലെങ്കിൽ എല്ലാം പോരായ്മയും അംഗീകരിക്കുക. ഒന്നും മെച്ചപ്പെടുത്തരുത് എന്ന രീതിയാണ്. അദ്ധേഹം ഒരു സോഫ്റ്റ്‍വെയർ എഞ്ചിനീയറായതു കൊണ്ട് സോഫ്റ്റവെയറിൽ ബഗ് റിപ്പോർട്ട് ചെയ്താൽ സോഫ്റ്റ്‍വെയറായാൽ ബഗുണ്ടാകും അതുകൊണ്ട് ഇതൊന്നും ഞാൻ ശരിയാക്കില്ല എന്നാവും റിപ്ലെ. ഇത്തരം ചിന്താഗതിക്കാർ എങ്ങനെ ഒരു എഞ്ചിനീയറാകും എന്നറിയില്ല.

ന്യായം 2: ഗ്രൂപ്പ് ഒന്നിലെ ന്യായം 4ഉം ഒരു പോലെയാണെങ്കിലും രണ്ടിലെ ഉദാഹരണം കുടുതൽ ചിന്തിക്കേണ്ടതുണ്ട്. പണ്ട് ജന്മി/അടിമത്തം കാലഘട്ടത്തിൽ പല മനുഷ്യരും ജന്മികളുടെയൊപ്പം നിന്നിരുന്നു. അവരുടെ ആശങ്ക ജന്മിയില്ലെങ്കിൽ ഞാനെങ്ങനെ ജീവിക്കും ജന്മി തന്നിട്ടല്ലേ ഞാൻ ജീവിക്കുന്നെ എന്നതായിരുന്നു. ഇതുപോലെയുള്ള ചിന്തയിൽ നിന്നാണ് ഇത്തരത്തിൽ ഉദാഹരണങ്ങൾ വരുന്നത്.

ഇതിലെ ഏറ്റവും സങ്കടം ആ അഭിപ്രായം പ്രകടിപ്പിച്ച ആൾ ഒരു സോഫറ്റവെയർ കമ്പനിയുടെ ഫൗണ്ടിംഗ് മെമ്പറാണ് എന്നതാണ്. അദ്ദേഹം അദേഹത്തിന്റെ ക്ലൈന്റുകളുടെ ഡാറ്റക്ക് എന്തു വിലയാണ് നൽകുന്നതെന്നും ഇതിൽ നിന്നും മനസിലക്കാം

ഈ പ്രശ്നം ശരിക്കും ഒരു വാട്സാപ്പ് എന്നതിൽ നിന്നും മാറ്റി വലുതായി ചിന്തിക്കേണ്ട ഒന്നാണ്. പല മലയാളി സോഫ്റ്റ്‍വെയർ എഞ്ചിനീയർമാർക്കും ഡാറ്റ പ്രൈവസിയുടെ പ്രാധാന്യം അറിയില്ല എന്നതാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്. ജർമനിയിലാണ് ഞാൻ പണിയെടുക്കുന്നത്. നമ്മൾ മലയാളികൾ പറയുന്ന രീതിയിൽ സംസാരിക്കുന്ന ഒരു സാധാരണക്കാരനേയും അവിടെ കണ്ടിട്ടില്ല ഞാൻ. പലരും ഡാറ്റയുടേയും, സ്വകാര്യതയുടേയും കാര്യത്തിൽ വളരെ അറിവുള്ളവരാണ് എന്നു മാത്രമല്ല, അതിനെ വളരെയധികം ബഹുമാനിക്കുന്നവരുമാണ്. അതുകൊണ്ടായിരിക്കാം എല്ലാ കമ്പനിയിലും കസ്റ്റമർ ഡാറ്റ, എംപ്ലോയി ഡാറ്റ എന്നിവ നല്ല സുരക്ഷയിൽ സൂക്ഷിക്കുന്നതും പലയപ്പോഴും എന്തെങ്കിലും സെക്യൂരിറ്റി പ്രശ്നം വന്നാൽ ആദ്യം നമ്മുടെ ഡാറ്റ വല്ലതും ലീക്കായൊ എന്നതാണ് പരിശോധിക്കാറ്.

ഈ ചർച്ചകൾ എനിക്ക് പ്രതീക്ഷ നൽകാത്തതു രണ്ടു കാര്യങ്ങൾ ആലോച്ചിട്ടാണ്

1 ഡിജിറ്റൽ സ്വകാര്യത, നിലനിർത്തേണ്ടതു ഒരു സോഫ്ടവയർ എഞ്ചിനിയറാണ്. അയാൾ ഒരു സോഫ്റ്റ്‍വെയർ ആർക്കിടെക്ച്ചർ‍ ഉണ്ടാക്കുമ്പോൾത്തന്നെ അതു മനസിൽ കണ്ടു വേണം നിർമിക്കാൻ, പക്ഷെ സ്വകാര്യത അത്ര വലിയ കാര്യമല്ല എന്നു വിശ്വസിക്കുന്ന ഒരു കൂട്ടം എഞ്ചിനീയറർമാരെങ്ങനെ ഒരു നല്ല സോഫ്റ്റ്‍വെയറുണ്ടാക്കും? ഡാറ്റ പ്രവസിക്ക് വേണ്ടി പല നിയമങ്ങൾ ഉണ്ടാക്കി മുന്നോട്ട് പോവുന്ന വികസിത രാജ്യങ്ങളിലേക്ക് എങ്ങനെ അവരുണ്ടാക്കിയ സോഫ്റ്റ്‍വെയർ വിൽക്കും? അവരെങ്ങനെ അവിടെ പണിയെടുക്കും?

2 സാധരണക്കാരനു കാര്യം മനസിലായില്ലെങ്കിലും പൊതുവികാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ്. പല പ്രകൃതി സംരക്ഷണ നിയമത്തിനെതിരെയുള്ള സമരങ്ങൾ പരിശോധിച്ചാലറിയാം. ഈ സമയത്തു ഡിജിറ്റൽ കാലഘട്ടത്തിൽ പിടിച്ചു നിൽക്കാൻ പോരാടുന്ന TV വാർത്താ ചാനലുകളിലെ ടെക്ക് വാർത്തകൾ ജനങ്ങളെ മൊത്തം വാട്സാപ്പിനെന്തോ പ്രശ്നമുണ്ട് എന്നതു തോന്നിപ്പിച്ചിട്ടുണ്ട്. ഈ അവസരം കണ്ടു ഒരു സോഫ്റ്റ്‍വെയർ കമ്പനിക്കാരൻ ചെയ്യേണ്ടത് അതിനെ ന്യായീകരിക്കുന്നതിനു പകരം എങ്ങനെ പ്രൈവസി നില നിർത്തി ഒരു ചാറ്റ് ആപ്പ് ഉണ്ടക്കാമെന്നല്ലേ. കുറഞ്ഞപക്ഷം ഒരു സബ്സ്ക്രിപ്ഷൻ അധിഷ്ടിതമായ മട്രിക്സ് സെർവർ ഉണ്ടാക്കി വിൽക്കുന്നതല്ലേ ചിന്തിക്കേത്? ഈ വികാരം മുതലെടുത്ത് നല്ല ഒരു ബിസിനസ് ചെയ്യമായിരുന്നു. പക്ഷെ എന്തു ചെയ്യാൻ സുക്കറണ്ണന്റെ ദാനം കണ്ട് മഞ്ഞളിച്ച് നിന്നു.

വാട്സാപ്പിൽ E2E വരുന്നത് ആ കാലഘട്ടത്തിൽ ഏഡ്വാർഡ് സ്നോഡന്റെ പല ഇന്റർവ്യൂകൾ കണ്ട്, ജനങ്ങളുടെ കൂടുതൽ എൻക്രിപ്ഷൻ വേണമെന്ന അവിശ്യത്തെ തുടർന്നാണ്. ആ ബുദ്ധിപോലും നമ്മുടെ മലയാളി ടെക്കിക്കില്ലതായി.

ഈ സാഹചര്യത്തിൽ ഒരോ എഞ്ചിനീയർമാരും ചിന്തിക്കേണ്ടത് എങ്ങനെ ജനത്തിനു നല്ല സ്വകാര്യത നിലനിർത്തി ഒരു സർവീസ് നൽകാൻ പറ്റുമെന്നും, അങ്ങനെ ഒരു സർവീസ് ഡാറ്റ വിൽക്കാതെ തന്നെ എങ്ങനെ സാമ്പത്തിക ലാഭത്തിൽ ഒരു കമ്പനിക്ക് നില നിൽക്കാൻ പറ്റും തുടങ്ങിയവയാണ്. അല്ലാതെ ചിന്തകൾ തന്നെ നിർത്തുകയല്ല വേണ്ടത്.

ഈ വിഷയത്തിൽ ടെക്കികൾ മാത്രമല്ല, രാഷ്ട്രീയക്കാരും സർക്കാരുകളും ചിന്തിക്കേണ്ടതുണ്ട്. ജനത്തിന്റെ സ്വത്ത് തന്നെയായിട്ടാണ് അവരുടെ ഡാറ്റയെ കാണേണ്ടത്. അതിനും സംരക്ഷണം നൽകേണ്ടത് സർക്കാർ തന്നെയാണ്. സ്വന്തം ഡാറ്റ എങ്ങനെ ? ആര് ? എപ്പോൾ ? എന്തിന് ? എടുക്കുന്നു എന്നറിയാനും ഒപ്പം ആർക്കൊക്കെ കൊടുക്കാം ? എന്തൊക്കെ കൊടുക്കം എന്നും തീരിമാനിക്കാനുള്ള അവകാശം ജനങ്ങൾക്ക് നൽകണം അതിനുള്ള നിയമ നിർമാണം ചെയ്യണം

മാത്രവുമല്ല, പൗരന്റെ ഡാറ്റ ഒരു കമ്പനി മറ്റൊരു കമ്പനിക്ക് സാമ്പത്തിക ലാഭത്തിനു വേണ്ടി കൈമാറ്റം ചെയ്യുന്നതിനു നികുതിയും ഏർപ്പെടുത്തണം. പലപ്പോഴും കമ്പ്നികൾ വാട്സാപ്പ് ഫേസ്ബുക്ക് പോലെയുള്ള സർവീസുകൾ ഫ്രീയായി നൽകുന്നതു ജനത്തിന്റെ ഡാറ്റ ഫ്രീയായി കിട്ടുന്നതു കൊണ്ടാണ്. അതിനു നികുതിയേർപ്പെടുത്തുന്നതിലൂടെ ഇതിനു ഒരു ആക്കം വരുകയും ചിലപ്പോൾ സബ്സ്ക്രിപ്ഷൻ ആയിട്ടുള്ള സേവനങ്ങൾ വന്നേക്കാം. മാത്രമല്ല സർക്കാരിനു ഒരു പുതിയ വരുമാനം ഉണ്ടാവുകയും ചെയ്യും. പഴയ പല നികുതികളിലും ഇളവ് വരുത്തുകയും ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *