ഡെസ്ക്ടോപ് പബ്ലിഷിംഗ് രംഗത്തെ സ്വതന്ത്രസോഫ്റ്റ്‍വെയര്‍ വിഭാഗത്തില്‍പ്പെടുന്നതും ഗ്നുലിനക്സില്‍ പ്രവര്‍ത്തിക്കുന്നതുമായ മികച്ച സോഫ്റ്റ്‍വെയറാണ് സ്ക്രൈബസ്. ഡിടിപി രംഗത്ത് WYSYWYG ( “what you see is what you get”) രൂപത്തിലുള്ള മികച്ച സോഫ്റ്റ്‍വെയറാണ് ഇത്. WYSYWYG അല്ലാത്ത രീതിയില്‍ ജേണലുകളുടെയും മറ്റും ടൈപ് സെറ്റിംഗിന് TeX എന്ന സംവിധാനം ലിനക്സില്‍ പ്രശസ്തമാണ്. സ്ക്രൈബസില്‍ പ്രിന്റിംഗിന് വേണ്ടിയുള്ള കളര്‍മാനേജ്മെന്റ്, cmyk പിന്തുണ, യുണിക്കോഡ് പിന്തുണ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. നിലവിലുള്ള മറ്റ് സോഫ്റ്റ്‍വെയറുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പേജ്മേക്കറിനേക്കാള്‍ ഒരുപാട് മികച്ചതും ഇൻഡിസൈനോട് കിടപിടിക്കുന്നതുമാണിത്. ക്വാര്‍ക്ക് എക്സ്പ്രസിനോടും ധാരാളം സാമ്യം സ്ക്രൈബസിനുണ്ട്.
ചരിത്രം
2001 ല്‍ Franz Schmid ആണ് സ്ക്രൈബസ് ആരംഭിക്കുന്നത്. ബവേറിയയിലെ തന്റെ ബന്ധുക്കളുട ഹോട്ടലിന് മെനുകാര്‍ഡ് നിര്‍മിക്കാൻ സ്വതന്ത്രസോഫ്റ്റ്‍വെയര്‍ ഒന്നും ലഭ്യമല്ലാതിരുന്നപ്പോള്‍ ആ ആവശ്യത്തിന് വേണ്ടി നിര്‍മിച്ചതാണ് സ്ക്രൈബസ്. പിന്നീട് അത് വെബ്സൈറ്റില്‍ ലഭ്യമാക്കുകയും നാനാഭാഗത്തുനിന്നും പിന്തുണ ലഭിക്കുകയും ചെയ്തപ്പോഴാണ് സ്ക്രൈബസ് വലിയൊരു പ്രോജക്ടായി മാറുന്നത്.
2003 ല്‍ സ്ക്രൈബസ് 1.0 പുറത്തിറങ്ങി. ഇതില്‍ത്തന്നെ പിഡിഎഫ് ഉണ്ടാക്കുമ്പോള്‍ rgb ചിത്രങ്ങള്‍ Cmyk യിലേക്ക് മാറുന്നതടക്കമുള്ള ഫീച്ചറുകള്‍ ഉണ്ടായിരുന്നു.
സ്ക്രൈബസും മലയാളം പിന്തുണയും ഒമാൻ സര്‍ക്കാരും
ആദ്യഘട്ടത്തില്‍ ലാറ്റിൻ ഭാഷകള്‍ക്ക് മാത്രമേ സ്ക്രൈബസില്‍ പിന്തുണയുണ്ടായിരുന്നുള്ളൂ. ഈ ഘട്ടത്തിലാണ് ഒമാൻ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ അറബിക് പിന്തുണ കൊണ്ടുവരാൻ വേണ്ടി ശ്രമം നടക്കുന്നത്. ഫഹദ് അല്‍ സൈദിയുടെ നേതൃത്വത്തില്‍ നടന്ന ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അറബിക് ഭാഷകള്‍, ഇന്ത്യൻ ഭാഷകള്‍ അടക്കം അഞ്ചൂറിലധികം ഭാഷകളെ സ്ക്രൈബസ് പിന്തുണക്കാൻ തുടങ്ങി. 2016 ല്‍ ഇവര്‍ വരുത്തിയ മാറ്റം ഒഫീഷ്യല്‍ സ്ക്രൈബസില്‍ എത്തി. 1.5.3 എന്ന വെര്‍ഷനിലാണ് ഈ മാറ്റം എത്തിയത്. മലയാളം പിന്തുണ എത്തിയതിന് ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് കേരളത്തില്‍ ഇത് പ്രായോഗിതലത്തില്‍ ഉപയോഗിക്കപ്പെടുന്നത്.
ആഗോളതലത്തില്‍ ടാബ്ലോയിഡുകള്‍ ഓണ്‍ലൈൻ മാഗസിനുകള്‍ തുടങ്ങി പലതരത്തില്‍ സ്ക്രൈബസ് ഉപയോഗിക്കപ്പെടുന്നുണ്ട്. കര്‍ണാടകയിലെ പ്രജാശക്തി എന്ന പത്രമാണ് ഇതിന് മുമ്പ് ഇന്ത്യയില്‍ സ്ക്രൈബസ് ഉപയോഗിച്ച് പത്രം പുറത്തിറക്കിയത്. atps ന്റെ നേതൃത്വത്തില്‍ നടന്ന ഇടപെടല്‍ കൊണ്ടാണ് അത് സാധ്യമായത്. അന്ന് ഇന്ത്യൻ ഭാഷയ്ക്ക് പിന്തുണയില്ലാതിരുന്നതുകൊണ്ട് അത് അധികകാലം നീണ്ടുനിന്നില്ല. Atps ന്റെ ഇടപെടലിന്റെ ഭാഗമായി ഇന്ത്യൻ ഭാഷകള്‍ക്ക് പിന്തുണ സ്ക്രൈബസില്‍ കൊണ്ടുവരാനായെങ്കിലും ഒരുപാട് പരിമിതികളുണ്ടായിരുന്നത കൊണ്ട് ഒഫീഷ്യല്‍ സ്ക്രൈബസില്‍ ആ മാറ്റം എത്തിയില്ല.
സ്ക്രൈബസ് ഫീച്ചറുകള്‍
- Cmyk പിന്തുണ, icc color profiles and color management
- പിഎഡിഎഫ് തയ്യാറാക്കാൻ മറ്റു സോഫ്റ്റ്‍വെയറുകളുടെ ആവശ്യമില്ല
- വിവിധ തരത്തിലുള്ള ഫയലുകള്‍ ഇംപോര്‍ട്ട് ചെയ്യാനാകും. പേജ് മേക്കര്‍ ഫയല്‍, കോറല്‍ ഫയല്‍ എന്നിവ സ്ക്രൈബസിനകത്ത് തുറക്കാം. ഇൻഡിസൈന്‍ ഫയലിനെ idml ആയി സേവ് ചെയ്താല്‍ അത് സ്ക്രൈബസിനകത്ത് തുറക്കാം. ലേയൗട്ട് ചെയ്ത് വച്ച രീതിയില്‍ത്തന്നെ അത് സ്ക്രൈബസിനകത്ത് ലഭിക്കും.
- വെക്ടര്‍ വരക്കാനുള്ള സംവിധാനങ്ങള്‍ – പെൻ ടൂളും മറ്റും ഉപയോഗിച്ച് വെക്ടര്‍ നിര്‍മക്കാനുള്ള സംവിധാനവും സ്ക്രൈബസിലുണ്ട്.
- Xml എന്ന സംവിധാനത്തിലാണ് സ്കൈബസ് ഫയലുകള്‍ സേവ് ചെയ്യുന്നത്. ഇത് ഒരു ഓപണ്‍ ഫോര്‍മാറ്റാണ്. അഥവാ ഫയല്‍ ഡാമേജ് ആയാല്‍പോലും ഇത് ടെക്സ്റ്റ് എഡിറ്ററില്‍ തിരുത്തി റിക്കവര്‍ ചെയ്തെടുക്കാനാകും. ഉപയോഗിച്ചുകൊണ്ടിരിക്കേ കമ്പ്യൂട്ടര്‍ ഹാങ്ങാകുയോ ഓഫാവുകയോ ചെയ്താലും ഓട്ടോസേവ് ഉള്ളതുകൊണ്ട് അവസാനം വരുത്തിയ മാറ്റങ്ങള്‍ തിരിച്ചെടുക്കാനാകും.
- ചിത്രങ്ങളെ കൈകാര്യം ചെയ്യാനെളുപ്പം – ചിത്രത്തിന്റെ മേല്‍ വരുന്ന ബേസിക് പ്രവര്‍ത്തനങ്ങള്‍ മറ്റൊരു ഇമേജ് എഡിറ്റര്‍ ഇല്ലാതെ തന്നെ കൈവരിക്കാം. ബ്രൈറ്റ്നസ്, കര്‍വ്സ്, ബ്ലാക്കാന്റ് വൈറ്റ്. ലെവല്‍സ് തുടങ്ങിയവ സ്ക്രൈബസിന് അകത്തുനിന്നു തന്നെ ചെയ്യാനുള്ള സൗകര്യമുണ്ട്.
- ഇൻഡിസൈൻ പ്രവര്‍ത്തിക്കാൻ നല്ല ശേഷിയുള്ള കമ്പ്യൂട്ടര്‍ ആവശ്യമുണ്ട്. എന്നാല്‍ സ്ക്രൈബസ് വളരെ ചെറിയ കമ്പ്യൂട്ടര്‍ റിസോഴ്സില്‍ തന്നെ പ്രവര്‍ത്തിക്കും.
പരിമിതികള്‍
മലയാളത്തില്‍ ഉപയോഗിച്ചു തുടങ്ങിയിട്ടേയുള്ളൂ എന്നതുകൊണ്ട് മലയാളത്തിന് പ്രത്യേകമായ ചില വിഷയങ്ങള്‍ ശ്രദ്ധയില്‍പെട്ടിരുന്നു. ചിലതെല്ലാം ഇപ്പഴേ പരിഹരിക്കപ്പെട്ടുകഴിഞ്ഞു.
- ചില ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാൻ ഷോര്‍ട്ട്കട്ടുകള്‍ ഇല്ല -ഇതും പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
- ടേബിള്‍ സംവിധാനം പ്രിമറ്റീവ് സ്റ്റേജിലാണ് – എക്സലില്‍ നിന്നും മറ്റും ലഭിക്കുന്ന ഡാറ്റയെ ടേബിളായി കൈകാര്യം ചെയ്യുന്ന സംവിധാനം ഇല്ല. എന്നാല്‍ ഇപ്പോള്‍ പേജ്മേക്കറില്‍ ഉപയോഗിക്കുന്നതുപോലെ ടാബില്‍ ഉപയോഗിക്കാം.
- മള്‍ട്ടിത്രെഡിംഗ് പിന്തുണയില്ല – കമ്പ്യൂട്ടര്‍ പ്രോസസറിന്റെ ഒരു കോറില്‍ മാത്രമാണ് സ്ക്രൈബസ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് നൂറിലധികം പേജുകളൊക്കെ വരുന്ന വലിയ പുസ്തകങ്ങള്‍ ഒരൊറ്റ ടെക്സ്റ്റ് ഫ്രെയിമിനകത്ത് ചെയ്യുകയാണെങ്കില്‍ സോഫ്റ്റ്വെയര്‍ ലാഗ് വരും.
ഭാവി
ജനയുഗത്തില്‍ ഇംപ്ലിമെന്റേഷൻ ആരംഭിച്ചതിന് ശേഷം ധാരാളം മാറ്റം സ്ക്രൈബസില്‍ കൊണ്ടുവരാനായി. ഡെവലപ്പര്‍മാരുമായി കോണ്ടാക്ട് നിലനിര്‍ത്താനാവുന്നുണ്ട്. ആദ്യഘട്ടത്തില്‍ ടെക്സ്റ്റ് സ്കൈലിംഗില്‍ ഉണ്ടായിരുന്ന പ്രശ്നം വളരെ വേഗം അവര്‍ പരിഹരിച്ചുതന്നു. പിന്നീട് ആവശ്യപ്പെട്ട പ്രകാരം സ്റ്റൈല്‍ അപ്ലൈ ചെയ്യാനുള്ള എളുപ്പമാര്‍ഗവും ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നു. പരിമിതികളില്‍ സൂചിപ്പിച്ച ഷോര്‍ട്ട് കട്ട് ശരിയാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണിപ്പോളവര്‍. അലെ എന്ന കമ്മ്യൂണിറ്റി മെമ്പര്‍ ഇതിനായി സ്ക്രൈബസ് ന്യൂസ്പേപ്പര്‍ എന്ന ഒരു പ്രോജക്ട് തന്നെ ആരംഭിച്ചുകഴിഞ്ഞു. കേരളത്തില്‍ നിന്നും കൂടുതല്‍ പേര്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ ഫീഡ്ബാക്ക് നല്‍കിക്കൊണ്ടും പണം സ്വരൂപിച്ചും നമുക്കാവശ്യമായ ഫീച്ചറുകള്‍ കൊണ്ടുവരാനും സാധിക്കും. പ്രൊപ്രൈറ്ററി സോഫ്റ്റ്‍വെയറുകള്‍ പോലെ നാം പണം കൊടുത്ത് ഉപയോഗിക്കുക എന്നതിലുപരി പണം നല്‍കി നേടിയെടുക്കുന്ന മാറ്റങ്ങള്‍ എല്ലാവര്‍ക്കും സൗജന്യമായി ഉപയോഗിക്കാനാവും. അതിനാല്‍ കൂട്ടായ്മകള്‍ക്ക് സ്ക്രൈബസിന്റെ ഭാവിയെ ചടുലമായി മുന്നോട്ട് നയിക്കാനാകും.