വിന്റോസില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന സോഫ്റ്റ് വെയറുകളുടെ സ്വതന്ത്രബദലുകള്‍

സ്വതന്ത്രസോഫ്റ്റ്‍വെയറായ ഗ്നുലിനക്സ് ഓപറേറ്റിംഗ് സിസ്റ്റത്തിലേക്ക് മാറുമ്പോഴുള്ള പ്രധാന പരാതികളിലൊന്നാണ് വിന്റോസിലും മാകിലും ലഭിക്കുന്ന ചില സോഫ്റ്റ്‍വെയറുകള്‍ ഗ്നുലിനക്സില്‍ ലഭിക്കുന്നില്ല എന്നത്. പൊതുവേ ഗ്രാഫിക്/ഡിസൈനിംഗ് മേഖലകളിലുള്ളവര്‍ക്ക് ഗ്നുലിനക്സ് ഉപയോഗപ്രദമല്ല എന്നൊരു വാദവും നിലനില്‍ക്കുന്നുണ്ട്. മറ്റു ഓപറേറ്റിംഗ് സിസ്റ്റങ്ങളില്‍ വിവധ ആവശ്യങ്ങള്‍ക്ക് നാം ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയിന്റെ ആവശ്യം നിര്‍വഹിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ ധാരാളമുണ്ട്. ഓരോ മേഖലയിലും ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയറുകളെ പരിചയപ്പെടുത്താം.

  • ഓഫീസ് സോഫ്റ്റ് വെയര്‍

ഒരു കമ്പ്യൂട്ടറില്‍ അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട സോഫ്റ്റ്‍വെയര്‍ ആണ് ഓഫീസ് സോഫ്റ്റ്‍വെയറുകള്‍. എഴുത്തും ചിത്രങ്ങളും അടങ്ങുന്ന ഡോക്യുമെന്റുകള്‍ തയ്യാറാക്കാനും, കണക്കുകള്‍ തയ്യാറാക്കാനും, പ്രസന്റേഷന്‍ തയ്യാറാക്കാനുമാണ് പ്രധാനമായും ഓഫീസ് സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിക്കുന്നത്. ഈ ഗണത്തിലെ പ്രധാനി മൈക്രോസോഫ്റ്റ് ഓഫീസ് ആണ്. വിന്റോസ് ഉപയോക്താവ് യഥാര്‍ഥത്തില്‍ ഈ ഓഫീസ് സ്യൂട്ട് വേറെ പണം കൊടുത്ത് വാങ്ങുകയും വേണം.

ലിബ്രേ ഓഫീസ്

ഓഫീസ് ആവശ്യം നിറവേറ്റാനുള്ള മികച്ച സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ libreoffice ആണ്. മൈക്രോസോഫ്റ്റ് ഓഫീസ് പോലെത്തന്ന  wordprocesser, spreadsheet, presantation എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്യൂട്ട് തന്നെയാണ് ലിബ്രേ ഓഫീസ്. കൂടാതെ ഫ്ലോചാര്‍ട്ടുപോലുള്ള ചിത്രീകരണങ്ങള്‍ക്ക് സഹായിക്കുന്ന Draw യും കണക്കിലെ സമവാക്യങ്ങളെ രേഖപ്പെടുത്താനുപയോഗിക്കുന്ന math ഉം libreoffice ല്‍ ഉണ്ട്.

ഓണ്‍ലി ഓഫീസ്

ലിബ്രേ ഓഫീസ് പോലെയുള്ള മറ്റൊരു സ്വതന്ത്ര ഓഫീസ് സ്യൂട്ട് ആണ് ഓണ്‍ലി ഓഫീസ്. കമ്പ്യൂട്ടറിലും മൊബൈലിലും ഓണ്‍ലി ഓഫീസ് പ്രവര്‍ത്തിക്കും.  മൊബൈലില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. പേഴ്സണല്‍ ഉപയോഗത്തിന് സൗജന്യമായും കോര്‍പറേറ്റ് ഉപയോഗത്തിന് പണം നല്‍കി ഉപയോഗിക്കാനും സൗകര്യമുണ്ട്.

  • ബ്രൗസറുകള്‍

എല്ലാം ഓണ്‍ലൈനായിക്കൊണ്ടിരിക്കുന്ന കാലത്ത് ബ്രൗസര്‍ ഒരനിവാര്യ ഘടകമാണ്. വിന്റോസിന്റെ കൂടെ ഉണ്ടായിരുന്ന ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ കാലത്തിനനുസരിച്ച് പരിഷ്കരിച്ച് ഇന്ന് എഡ്ജ് ആയി നില്‍ക്കുന്നു. എങ്കിലും ഉപയോക്താക്കള്‍ക്കിടയിലെ ഇഷ്ടക്കാരന്‍ ക്രോം ആണ്.  സ്വതന്ത്ര ബ്രൗസറുകളെ പരിചയപ്പെടാം

ഫയര്‍ഫോക്സ്

സ്വതന്ത്രസോഫ്റ്റ് വെയര്‍ ഗണത്തിലെ മികച്ച ബ്രൗസറാണ് ഫയര്‍ഫോക്സ്. നിലവില്‍ 59 ആണ് ഫയര്‍ഫോക്സ് വെര്‍ഷന്‍. ക്രോമിനേക്കാള്‍ കുറഞ്ഞ റാം ആണ് ഫയര്‍ഫോക്സ് ഉപയോഗിക്കുന്നുള്ളൂ. മൊബൈലിലും ഇത് ലഭ്യമാണ്.

ക്രോമിയം

കൂടുതല്‍ പ്രചാരത്തിലുള്ള ക്രോം ബ്രൗസറിന്റെ സ്വതന്ത്ര വേര്‍ഷനാണ് ക്രോമിയം ബ്രൗസര്‍. ക്രോമിയത്തില്‍ ഗൂഗിളിന്റെ പ്രൊപ്രൈറ്ററി സോഫ്റ്റ്‍വെയറുകളും ചേര്‍ന്നതാണ് ഗൂഗിള്‍ക്രോം.

മിഡോരി (midori), കോണ്‍ക്വറര്‍ (konqueror), അറോറ (aurora), ഗ്നോം വെബ് (web) എന്നിവയാണു് ലഭ്യമായ മറ്റു ബ്രൗസറുകള്‍

  • ഓഡിയോ വീഡിയോ പ്ലയറുകള്‍

കമ്പ്യൂട്ടറിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ കഴിഞ്ഞാല്‍ മിക്കവരും ഒരു വിനോദോപാധിയായാണ് കമ്പ്യൂട്ടറിനെ കാണുന്നത്. പാട്ട് കേള്‍ക്കാനും സിനിമ കാണാനും സംവിധാനങ്ങളുണ്ടായേ തീരു.  അത്തരം സോഫ്റ്റ് വെയറിലെ സ്വതന്ത്ര ബദലുകളെ പരിശോധിക്കാം.

വി.എല്‍.സി മീഡിയാ പ്ലയര്‍

മികച്ച ഒരു വീഡിയോ ഓഡിയോ പ്ലയര്‍ ആണ് വിഎല്‍സി. വ്യത്യസ്ത ഫയല്‍ഫോര്‍മാറ്റുകളും ഓണ്‍ലൈന്‍ സ്ട്രീമിംഗും സപ്പോര്‍ട്ട് ചെയ്യുന്ന വിഎല്‍സിയില്‍ സ്ക്രീന്‍റെക്കോര്‍ഡ് ചെയ്യാനും സ്ക്രീന്‍ഷോട്ടെടുക്കാനും സാധിക്കും.

എസ്.എം.പ്ലയര്‍

എം പ്ലയര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടിമീഡിയാ പ്ലയര്‍ ആണ് എസ്എം പ്ലയര്‍. ഒട്ടുമിക്ക എല്ലാ ഫയല്‍ടൈപ്പുകളും എസ്എം പ്ലയറില്‍ പ്രവര്‍ത്തിക്കും. ഓണ്‍ലൈന്‍ ആയി സബ്ടൈറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാനുാവും. മലയാളം സബ്ടൈറ്റില്‍ നല്ല രീതിയില്‍ കാണാകുന്നതും എസ്എം പ്ലയറിന്റെ മേന്മയമാണ്. (എന്നാല്‍ പുതിയ വിഎല്‍സി പ്ലയറില്‍ മലയാളം സബ്ടൈറ്റില്‍ കാഴ്ചയുടെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. ) കാഴ്ചയില്‍ അല്പം പഴക്കം തോന്നുന്ന ഇന്റര്‍ഫേസ് ആണെങ്കിലും വളരെ മികച്ച ഒരു മീഡിയാ പ്ലയറാണ് എസ്എം പ്ലയര്‍

ലോലിപോപ്പ്

നല്ല ഒരു മ്യൂസിക് പ്ലയര്‍ ആണ് ലോലിപോപ്പ്. ഓണ്‍‍ലൈന്‍ അക്കൗണ്ടുകളിലുള്ളവ പ്ലേ ചെയ്യാനും പ്ലേലിസ്റ്റുകള്‍ ആയും ഉപയോഗിക്കാം.

മള്‍ട്ടീമിഡിയ സ്യൂട്ടുകള്‍

കമ്പ്യൂട്ടര്‍ വ്യവസായികരംഗത്തെ പ്രധാനഘടകമാണ് മള്‍ട്ടിമീഡിയ. ചിത്രം എഡിറ്റ് ചെയ്യുന്നതും നോട്ടീസ് നിര്‍മിക്കുന്നതും മുതല്‍ അത്യന്താധുനിക 3D ആനിമേഷന്‍ സിനിമ ഉണ്ടാക്കുന്നത് വരെ ഇതില്‍ വരുന്നു.  മള്‍ട്ടീമീഡിയാരംഗത്ത് അതികായനായി നില്‍ക്കുന്നത് അഡോബ് സോഫ്റ്റ് വെയര്‍ ആണ്. ചിത്രങ്ങള്‍ കമ്പോസ് ചെയ്യുന്നതിന് ഫോട്ടോഷോപ്പ് ചെയ്യുക എന്ന പ്രയോഗം തന്നെ നമുക്ക് സുപരിചിതമായിരിക്കുന്നു. ഗ്നുലിനക്സ് ഓപറേറ്റിംഗ് സിസ്റ്റം മള്‍ട്ടിമീഡിയ ഉപയോഗത്തിന് പറ്റിയതല്ല എന്ന ഒരു ധാരണയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഒട്ടുമിക്ക എല്ലാ മള്‍ട്ടീമീഡിയാ ഉപയോഗത്തിനുമുള്ള സ്വതന്ത്രബദലുകള്‍ നമുക്ക് ലഭ്യമാണ്. സ്വതന്ത്രസോഫ്റ്റ് വെയറായ ബ്ലെന്റര്‍ ഉപയോഗിച്ച് മികച്ച 3d ആനിമേഷന്‍ സിനിമകള്‍ വരെ നിര്‍മിച്ചിട്ടുണ്ട്. വ്യത്യസ്ത മള്‍ട്ടിമീഡിയ സോഫ്റ്റ്‍വെയറുകളെ പരിചയപ്പെടാം.

  • ഇമേജ് എഡിറ്ററുകള്‍

ജിമ്പ്

ഇമേജ് കമ്പോസിംഗിന് ഉപയോഗിക്കുന്ന മികച്ച ഒരു സോഫ്റ്റ് വെയറാണ് ജിമ്പ്. ഈ മേഖലയില്‍ വളരെ പ്രശസ്തമായ ഫോട്ടോഷോപ്പ് പോലെ ലെയറുകളായി ഇമേജ് നിര്‍മിക്കുന്ന സാങ്കേതികവിദ്യയാണ് ജിമ്പിലും ഉപയോഗിക്കുന്നത്. പുതുതായി ജിമ്പ് ഉപയോഗിക്കുന്ന ഒരാള്‍ക്ക് മുമ്പ് പഠിച്ച സോഫ്റ്റ് വെയറില്‍ നിന്നും മാറി ജിമ്പിന്റെ രീതികള്‍ പഠിച്ചെടുക്കാന്‍ അല്പം താമസം വന്നേക്കാം. പ്രൊപ്രൈറ്ററി സോഫ്റ്റ്‍വെയറില്‍ ലഭ്യമായ ഒട്ടുമിക്ക കാര്യങ്ങളും ജിമ്പിലുണ്ടെന്ന് മാത്രമല്ല അവയിലില്ലാത്ത പല ഫീച്ചറുകളും ജിമ്പില്‍ ലഭ്യമാണ്. ഈയിടെ ജിമ്പ് 2.10 വെര്‍ഷന്‍ പുറത്തിറങ്ങി. ഐക്കണുകളിലും ഇമേജ് സ്കൈലിംഗിലും ഒക്കെ നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ ജിമ്പ് എത്തിയിട്ടുള്ളത്.

ഇങ്ക്സ്കേപ്പ്

വെക്ടര്‍ ഗ്രാഫിക്സ് നിര്‍മിക്കാനുള്ള മികച്ച സോഫ്റ്റ്‍വെയറാണ് ഇങ്ക്സ്കേപ്പ്.  ലോഗോ നിര്‍മാണത്തിനാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. ഈ മേഖലയില്‍ അഡോബ് ഇല്ലുസ്ട്രേറ്റര്‍, കോറല്‍ഡ്രോ തുടങ്ങിയ സോഫ്റ്റ്‍വെറുകളാണ് പ്രൊപ്രൈറ്ററി മേഖലയിലുള്ളത്. ഇങ്ക്സ്കേപില്‍ നിലവില്‍ ഒരു പേജ് മാത്രമേ ഒരു ഡോക്യുമെന്റില്‍ നിര്‍മിക്കാനാവൂ എന്നാല്‍ വരാനിരിക്കുന്ന അപ്ഡേറ്റില്‍ ഒന്നിലധികം പേജുകള്‍ ഇങ്ക്സ്കേപ് പിന്തുണയ്ക്കും.

ക്രിത

ഡിജിറ്റല്‍ പെയ്ന്റിംഗിന് സഹായിക്കുന്ന മികച്ച ഒരു സോഫ്റ്റ്‍വെയര്‍ ആണ് ക്രിത. ചിത്രം വരക്കാനാവശ്യമായ വിവിധങ്ങളായ ബ്രഷുകള്‍ അടങ്ങിയ സോഫ്റ്റ് വെയറില്‍ മൗസിനോട് കൂടെത്തന്നെ ഡിജിറ്റല്‍ പേന ഉപയോഗിച്ചും വരക്കാനാകും. വരക്കുമ്പോള്‍ നാം ചെലുത്തുന്ന ബലത്തിനനുസരിച്ചാണ് വരയുടെ കട്ടി നിര്‍ണയിക്കപ്പെടുന്നത്.

ഡാര്‍ക്ക്ടേബിള്‍

റോ ഇമേജുകള്‍ എഡിറ്റ് ചെയ്യാനുള്ള സോഫ്റ്റ്‍വെയറാണ് ഡാര്‍ക്ക് ടേബിള്‍. അഡോബിന്റെ ലൈറ്റ് റൂം ആണ് പ്രൊപ്രൈറ്ററി മേഖലയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.

കാര്‍ബണ്‍

ഇങ്ക്സകേപ് പോലെ വെക്ടര്‍ ചിത്രങ്ങളെ കൈകാര്യം ചെയ്യാനായി kde (k desktop environment) ലുള്ള സോഫ്റ്റ് വെയറാണ് കാര്‍ബണ്‍.

ഡയ

വിവധ തരത്തിലുള്ള ഡയഗ്രങ്ങള്‍ (ഫ്ലോചാര്‍ട്ടുകള്‍, ഇലക്ട്രോണിക് സര്‍ക്യൂട്ടുകള്‍, ബ്ലൂപ്രിന്റുകള്‍ മുതലായവ) വരക്കാനുപയോഗിക്കുന്ന സോഫ്റ്റ്‍വെയറാണ് ഡയ. ഡയഗ്രം എഡിറ്റര്‍ എന്നതിന്റെ ചുരുക്കരൂപമാണ് ഇത്.

  • വീഡിയോ /ഓഡിയോ എഡിറ്ററുകള്‍

ഒഡാസിറ്റി

ഇന്നു ലഭ്യമായതില്‍ മികച്ച ഒരു ഓഡിയോ എഡിറ്ററാണു ഒഡാസിറ്റി (audacity). സാധാരണ ആവശ്യങ്ങള്‍ക്കെല്ലാം ഒഡാസിറ്റി ഉപയോഗിക്കാവുന്നതാണു്. ഒഡാസിറ്റി ലിനക്സ് റിപ്പോകളില്‍ ലഭ്യമാണു്. മള്‍ട്ടിമീഡിയ ആവശ്യങ്ങള്‍ക്കു വേണ്ടി പ്രത്യേകം നിര്‍മ്മിച്ച ഗ്നു ലിനക്സ് വിതരണമാണു് ഉബുണ്ടു സ്റ്റുഡിയോ (http://ubuntustudio.org/ ).

കെഡെന്‍ലൈവ്

സ്വതന്ത്ര ‍ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‍വെയറുകളിലെ മികച്ച ഒന്നാണ് കെഡെന്‍ലൈവ്. kde ആണ് ഇത് പുറത്തിറക്കുന്നത്. വീഡിയോ എഡിറ്റിംഗ്, കളറിംഗ്, ഗ്രീന്‍സക്രീന്‍ തുടങ്ങിയ കാര്യങ്ങള്‍ അനായാസേന കെഡെന്‍ ലൈവില്‍ ചെയ്യാനാകും. ഈ മേഖലയില്‍ അഡോബിന്റെ പ്രീമയര്‍ പ്രോയും മാകില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഫൈനല്‍ കട്ട് പ്രോയും അവിഡ് മീഡിയ കമ്പോസറും ആണ് പ്രബലര്‍. കാഴ്ചയില്‍ പ്രീമിയര്‍ പ്രോയോട് അടുത്ത് നില്‍ക്കുന്ന ലേയൗട്ടാണ് കെഡെന്‍ലൈവ്.

മറ്റ് വീഡിയോ എഡിറ്റിംഗ് സോഫ്റ്റ് വെയറുകള്‍ : ഫ്ലോബ്ലൈഡ്, പിത്വി, ഓപണ്‍ഷോട്ട് വീഡിയോ എഡിറ്റര്‍.

  • അനിമേഷന്‍ സോഫ്റ്റ്‍വെയറുകള്‍

ബ്ലെന്റര്

3D മോഡലിംഗിനും അനിമേഷനും ഉപയോഗിക്കുന്ന മികച്ച സോഫ്റ്റ്‍വെയറാണ് ബ്ലെന്റര്‍. നിലവില്‍ മായ പോലെയുള്ള സോഫ്റ്റ്‍വെയറുകളാണ് പ്രൊപ്രൈറ്ററി സോഫ്റ്റ്‍വെയറുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ ഒരുപാട് സോഫ്റ്റ്‍വെയറുകള്‍ ഒരുമിച്ച് ഉപയോഗിച്ചാല‍് മാത്രമേ ഒരു 3D അനിമേഷന്‍ പൂര്‍ത്തിയാക്കാനാവൂ. എന്നാല്‍ മോഡലിംഗ് തൊട്ട് അനിമേഷന്‍ വരെ എല്ലാം ബ്ലെന്ററില്‍ത്തന്നെ ചെയ്യാനാവും എന്നത് അതിന്റെ മേന്മയാണ്.

സിന്‍ഫിഗ് സ്റ്റുഡിയോ

2D അനിമേഷന് ഉപയോഗിക്കാവുന്ന മികച്ച ഒരു സ്വതന്ത്രസോഫ്റ്റ്‍വെയറാണ് സിന്‍ഫിഗ് സ്റ്റുഡിയോ. ചിത്രം വരച്ച് അനിമേറ്റ് ചെയ്യാനും വരച്ച ചിത്രത്തെ അനിമേറ്റ് ചെയ്യാനും സിന്‍ഫിഗ് സ്റ്റുഡിയോയ്ക്ക് ആകും. ചെറു 2D ആനിമേറ്റഡ് സിനിമകള്‍ നിര്‍മിക്കാന്‍ സിന്‍ഫിഗ് സ്റ്റുഡിയോ നല്ല ഒരു തെരഞ്ഞെടുപ്പാണ്.

ഓപണ്‍ ടൂണ്‍സ്

സിന്‍ഫിഗ് സ്റ്റുഡിയോയുടെ ആവശ്യം നിര്‍വഹിക്കുന്ന മറ്റൊരു സ്വതന്ത്രസോഫ്റ്റ്‍വെയറാണ് ഓപണ്‍ ടൂണ്‍സ്. അനിമേഷനുകള്‍ കൈകാര്യം ചെയ്യാനിതിനാകും.

മറ്റു സോഫ്റ്റ്‍വെയറുകള്‍

കാഡ്

എഞ്ചിനീയറിംഗ് രംഗത്ത് ആവശ്യമായ ഒന്നാണ് കാഡ് സോഫ്റ്റ്‍വെയറുകള്‍. എന്നാല്‍ പ്രൊപ്രൈറ്ററി കാഡ് സോഫ്റ്റ്‍വെയറുകളോട് കിടപിടിക്കാവുന്ന സ്വതന്ത്ര സോഫ്റ്റ്‍വെയറുകള്‍ ഇന്ന് ലഭ്യമല്ലെന്നത് ഒരു വസ്തുതയാണ്.

ഫ്രീകാഡ് (freecad), ലിബ്രേകാഡ് (librecad), ഓപ്പണ്‍സ്കാഡ് (openscad), ഇന്റീരിയര്‍ ഡിസൈനിങ്ങിനുപയോഗിക്കുന്ന സ്വീറ്റ് ഹോം 3ഡി (sweethome3d) എന്നീ സ്വതന്ത്ര സോഫ്റ്റ്‍വെയറുകള്‍ എന്നിവയാണു സ്വതന്ത്രമായി ലഭിക്കുന്ന കാഡ് സോഫ്റ്റ്‍വെയറുകള്‍. ഫ്രീകാഡ്, ലിബ്രേകാഡ്, സ്വീറ്റ് ഹോം 3ഡി, ഓപ്പണ്‍സ്കാഡ് എന്നിവ ലിനക്സ് റിപ്പോകളില്‍ ലഭ്യമാണു്.

ടോറന്റ്

ടോറന്റ് ഡൗണ്‍ലോഡ് ചെയ്യാന് നിരവധി സ്വതന്ത്രസോഫ്റ്റ്‍വെയറുകളുണ്ട്. ബിറ്റ്ടോറന്റ് (bittorrent), വൂസ് (vuze), ഡെല്‍യൂജ് (deluge) എന്നിവയാണു് ലിനക്സില്‍ ലഭ്യമായ പ്രധാന ടോറന്റ് ക്ലയന്റുകള്‍‍.

 

Leave a Reply

Your email address will not be published. Required fields are marked *